രാജീവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി

February 20, 2014 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി : മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികളെ മോചിപ്പിക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും നടപടിക്രമങ്ങള്‍ പാലിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ഇരുപത്തിമൂന്നും വര്‍ഷമായി ജയിലില്‍ കഴിയുന്ന ഏഴു പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാര്‍ ഇന്നലെയാണു തീരുമാനിച്ചത്. സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ക്കു പുറമേ, ജയിലിലുള്ള നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയും വിട്ടയയ്ക്കുമെന്നാണു തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.  മൂന്ന് ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചില്ലെങ്കില്‍ ഇവരെ മോചിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ജയലളിത തമിഴ്‌നാട് നിയമസഭയില്‍ അറിയിച്ചിരുന്നു.

പ്രതികളെ വിട്ടയക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍