ഭൗതികവസ്തുക്കളില്‍ ആനന്ദമില്ല

February 21, 2014 സനാതനം

Spiritual -01-pbഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍ (ലക്ഷ്മണോപദേശം – സത്യാനന്ദസുധാ വ്യാഖ്യാനം)
ഭൗതികവസ്തുക്കളല്ല മനുഷ്യനെ ആനന്ദിപ്പിക്കുന്നത്. അതിനായി അവയില്‍ ആനന്ദം അടങ്ങിയിരിക്കുന്നുമില്ല. ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. മറ്റു കുട്ടികളുടെ കയ്യില്‍ കളിപ്പാട്ടം ഇരിക്കുന്നതു കാണുമ്പോള്‍ തനിക്കും അങ്ങനെയൊന്നു വേണമെന്നു തോന്നുന്നത് കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. ഇഷ്ടപ്പെട്ട കളിപ്പാട്ടം ലഭിക്കുമ്പോള്‍ അവര്‍ ആനന്ദം കൊണ്ടു തുള്ളിച്ചാടുന്നു. അതു കിട്ടാതിരിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ അവര്‍ ദുഃഖംകൊണ്ടു പിടയുന്നു. ആനന്ദം കളിപ്പാട്ടത്തിലിരിക്കുന്നു എന്നാണ് കുഞ്ഞിന്റേയും നമ്മുടേയും വിചാരം. പക്ഷേ! ഇതു ശരിയോ? പണ്ടൊരുകുട്ടി ഒരു ത്രീവീലര്‍ സൈക്കിള്‍ വാങ്ങിത്തരണമെന്നു അച്ചനോടാവശ്യപ്പെട്ടു. നിര്‍ദ്ധനനായ പിതാവിന് മകന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാനായില്ല.

സാമ്രാജ്യം തകര്‍ന്ന ദുഃഖമായിരുന്ന ആ മൂന്നുവയസ്സുകാരനുണ്ടായത്. ആയിടെ ആ കുട്ടിയുടെ അമ്മാവന് നല്ലൊരു ജോലികിട്ടി അമേരിക്കയ്ക്കു പോയി. അവധിക്കു വരുമ്പോള്‍ ഒന്നാന്തരം ഫോറിന്‍ ത്രീവീലര്‍ സൈക്കിള്‍ വാങ്ങിക്കൊടുക്കാമെന്നുപറഞ്ഞു കുട്ടിയെ സമാധാനിപ്പിക്കാനും അയാള്‍ മറന്നില്ല. പക്ഷേ പതിനഞ്ചുവര്‍ഷം കഴിഞ്ഞാണ് അമ്മാവന്‍ മടങ്ങിവന്നത്. പോരുമ്പോള്‍ ബന്ധുക്കള്‍ക്കോരോരുത്തര്‍ക്കും വേണ്ടതു കൊണ്ടുപോരാന്‍ അയാള്‍ ശ്രദ്ധിച്ചു. കൂട്ടത്തില്‍ അനന്തിരവനു നല്ല ത്രീവീലര്‍ സൈക്കിളും എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന അമ്മാവന്‍ തന്റെ അനന്തിരവന്, എല്ലാപേരും കാണ്‍കെ, ത്രിവീലര്‍ സൈക്കിള്‍ സമ്മാനമായി നല്‍കിയാലുണ്ടാകുന്ന പ്രതികരണമെന്തായിരിക്കും? ഇന്നു അവനു പതിനെട്ടുവയസ്സുണ്ട്. തന്നെ അമ്മാവന്‍ അപമാനിച്ചതായേ അവനുതോന്നൂ. മൂന്നാം വയസ്സില്‍ ആനന്ദം നല്‍കിയ ത്രിവീലര്‍ പതിനെട്ടാം വയസ്സില്‍ അതേ ആളിന് ആനന്ദം നല്‍കാതെ എന്തുകൊണ്ട് അപമാനഭയമുണ്ടാക്കുന്നു? ആനന്ദം സൈക്കിളെന്ന ഭൗതികവസ്തുവിന്റെ സ്വഭാവമാണെങ്കില്‍ മൂന്നാം വയസ്സിലും പതിനെട്ടാംവയസ്സിലും തൊണ്ണൂറാം വയസ്സിലും അതു ആനന്ദം നല്‍കണം. പഞ്ചസാരയുടെ ഗുണമായ മാധുര്യം പ്രായഭേദവും സ്ത്രീപുരുഷഭേദവുമില്ലാതെ ഏവര്‍ക്കും മധുരമായി അനുഭവപ്പെടുന്നതുപോലെ. ത്രീവീലര്‍ സൈക്കിള്‍ കയ്യില്‍ കിട്ടിയപ്പോള്‍ കുട്ടിക്കനുഭവപ്പെട്ട ആനന്ദം സൈക്കിളില്‍നിന്നുവന്നതല്ലെന്നതിന് വേറെന്തു തെളിവുവേണം? ഭൗതികപദാര്‍ത്ഥങ്ങളുടെയെല്ലാം കഥ ഇതുതന്നെ. ഒന്നിലും ആനന്ദം ഇരിപ്പില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം