സരിത നായര്‍ ജയില്‍ മോചിതയായി

February 21, 2014 കേരളം

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജയില്‍ മോചിതയായി. സരിതയ്ക്കെതിരേ രജിസ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാന്‍ സാധിച്ചത്. ചില കേസ് സരിത പണം കൊടുത്തു ഒത്തുതീര്‍പ്പാക്കിയിരുന്നു. ഏകദേശം 13 ലക്ഷത്തോളം രൂപയാണ് ജയിലില്‍ കിടന്ന സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിനിയോഗിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സരിത വൈകിട്ട് നലോടെയാണ് പുറത്തിറങ്ങിയത്. 39 കോടതികളിലായി 46 കേസുകളാണ് സരിതയുടെ പേരില്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ജയില്‍ മോചിതയായതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും സരിത ജയിലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒന്‍പത് മാസമായി താന്‍ ജയിലിലാണ്. തന്റെ മക്കളെയും ബന്ധുക്കളെയും കണ്ട ശേഷം പറയാനുള്ളത് മാധ്യമങ്ങളിലൂടെ പറയുമെന്നും സരിത വ്യക്തമാക്കി. ആലപ്പുഴ സ്വദേശി പ്രകാശന്റെ പണം തട്ടിയെടുത്ത കേസിലാണ് സരിത ഒടുവില്‍ ജാമ്യം നേടിയത്. കേസിലെ പരാതിക്കാരന് ഒരുലക്ഷം രൂപ നല്‍കി വ്യാഴാഴ്ചയാണ് സരിത കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇതോടെയാണ് സരിതയ്ക്ക് പുറത്തിറങ്ങാന്‍ വഴിതുറന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം