പത്തു വര്‍ഷം തടവുശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കും: രമേശ് ചെന്നിത്തല

February 21, 2014 മറ്റുവാര്‍ത്തകള്‍

കാട്ടാക്കട: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ പത്തുവര്‍ഷമോ അതിലധികം വര്‍ഷമോ ശിക്ഷ അനുഭവിച്ചുകഴിയുന്ന തടവുപുള്ളികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശിക്ഷ അനുഭവിക്കുന്നവരുടെ സ്വഭാവ രീതി പരിഗണിച്ചാവും മോചനം. നെയ്യാര്‍ഡാം നെട്ടുകാല്‍ത്തേരി തുറന്നജയിലിലെ ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള പാസിംഗ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിക്കലും സിക്കയുടെ പുതിയമന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സിക്കയെ അക്കാഡമി ആക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിലുകളില്‍ നൂതന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ നടപടിയെടുക്കും. തടവുകാരുടെ പൗരവകാശം സംരക്ഷിക്കുന്ന തരത്തിലുള്ള വികസനവും പരിഷ്‌കാരവും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് മാനസിക പരിവര്‍ത്തനം വരുത്തുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ നമ്മുടെ ജയിലുകളില്‍ വിജയകരമായി നടപ്പിലാക്കി വരികയാണ്.

അത് പൂര്‍ണതയില്‍ എത്തിക്കാന്‍ ജീവനക്കാരും ഇപ്പോള്‍ പരിശീലനം കഴിഞ്ഞവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. സിക്കയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ നിര്‍ദേശങ്ങള്‍ എടുക്കാന്‍ ജയില്‍ ഡിജിപിയെ ചുമതലപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍