രാജ്യാന്തര നാടന്‍ കലാമേള തിങ്കളാഴ്ച എറണാകുളത്ത് ആരംഭിക്കും

February 23, 2014 കേരളം

കൊച്ചി: കേരള ഫോക്ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര നാടന്‍ കലാമേള എറണാകുളം ദര്‍ബാര്‍ഹാളില്‍ തിങ്കളാഴ്ച ആരംഭിക്കും. വൈകുന്നേരം അഞ്ചിനു കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. 25 മുതല്‍ ഫോര്‍ട്ടുകൊച്ചിയിലും മേള ക്രമീകരിച്ചിട്ടുണ്ട്. കളമെഴുത്ത്, പടയണി, തെയ്യം, മുഖത്തെഴുത്ത് എന്നിവയില്‍ ശില്പശാലകളും, സാംസ്കാരിക സമ്മേളനങ്ങളും ഇതോടനുബന്ധിച്ച് നടക്കും. ആഫ്രിക്ക, ശ്രീലങ്ക, കംബോഡിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്നു 500ല്‍ പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യകളും മേളയില്‍ അരങ്ങേറും. കേരള സാംസ്കാരിക വകുപ്പ്, സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ഈസ്റ് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നതെന്നു സംഘാടകസമിതി ചെയര്‍മാന്‍ ബി. മുഹമ്മദ് അഹമ്മദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 27നു നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം