സംസ്ഥാനത്തെ എല്ലാ കരയോഗങ്ങളിലും ശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും: ജി. സുകുമാരന്‍നായര്‍

February 23, 2014 കേരളം

ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതവാര്‍ഷികാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അയ്യായിരത്തി അറുനൂറു കരയോഗങ്ങളിലും ശതാബ്ദി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എന്‍എസ്എസിന്റെ മാനവ വിഭവശേഷി വിഭാഗം ദക്ഷിണ മേഖലാ നേതൃസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗ തലത്തില്‍ നടക്കുന്ന ശതാബ്ദി സമ്മേളനങ്ങള്‍ക്കുശേഷം മുഴുവന്‍ താലൂക്ക് യൂണിയന്‍ കേന്ദ്രങ്ങളിലും സംഗമം സംഘടിപ്പിക്കും.

2015 ജനുവരിയില്‍ സംസ്ഥാനതലത്തിലുള്ള ശതാബ്ദി സമ്മേളനവും നടത്തും. എന്‍എസ്എസ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂരത്തിലാണെന്നും എന്നാല്‍, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഏതു സര്‍ക്കാര്‍ ജനവിരുദ്ധ നടപടികള്‍ സ്വീകരിച്ചാലും അവരെ തിരുത്തുന്ന ശക്തിയായി തുടരുകതന്നെ ചെയ്യുമെന്നും ജി. സുകുമാരന്‍നായര്‍ പറഞ്ഞു. ഇതിന് ഇടതു-വലതു പക്ഷ വ്യത്യാസമില്ല. നായര്‍ സര്‍വീസ് സൊസൈറ്റി സാമൂഹിക നീതിക്കുവേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കും. ഈ നിലപാടുകളുടെ ഫലമനുഭവിക്കുന്നവരും സംഘടനയെ കുറ്റപ്പെടുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സമുദായം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു മാനവവിഭവശേഷിവകുപ്പിന്റെ കീഴില്‍ നടക്കുന്നതെന്നും ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം