വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം ഐക്യത്തിനില്ലെന്ന് സുകുമാരന്‍നായര്‍

February 24, 2014 കേരളം

g-sukumaran-nairആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം ഇനി എസ്എന്‍ഡിപിയുമായി ഐക്യത്തിനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യവുമായി ബന്ധപ്പെട്ട കരാറില്‍നിന്ന് എന്‍എസ്എസ് പിന്നോട്ടുപോയിട്ടില്ല. ഐക്യമില്ലാതായത് ആരുടെ കുഴപ്പം മൂലമാണെന്നും സമൂഹത്തിനു നന്നായറിയാം.

വിശാല ഹിന്ദു ഐക്യത്തിന്റെ മൊത്തം ഉത്തരവാദിത്വം ഒരു സമുദായത്തിനു മാത്രമാണെന്ന് ആരും വിചാരിക്കേണ്ട കാര്യമില്ല. എസ്എന്‍ഡിപിക്കു ദോഷം വരാത്തതരത്തില്‍ തന്റെ വിഭാഗത്തിന് അവകാശപ്പെട്ട കാര്യങ്ങള്‍ മാത്രമേ താന്‍ ചോദിച്ചിട്ടുള്ളു. പല വിഷയങ്ങളിലും എന്‍എസ്എസിനു ദോഷകരമായ നിലപാടുകളാണ് എസ്എന്‍ഡിപി കൈക്കൊണ്ടിട്ടുള്ളത്. സമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ആവശ്യങ്ങളാണ് എന്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നത്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്കു കനത്ത തിരിച്ചടി നല്‍കും. യുഡിഎഫിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുന്നതിനു പിന്നില്‍ സ്വാര്‍ഥനിലപാടുകള്‍ ഇല്ല. നായര്‍ സമൂദായത്തിനുവേണ്ടി മാത്രമല്ല എന്‍എസ്എസ് ശബ്ദം ഉയര്‍ത്തിട്ടുള്ളത്- അദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സമദൂരം തന്നെയായിരിക്കും എന്‍എസ്എസിന്റെ നിലപാട്. ഇതിനെ ശരി ദൂരമെന്നു പറഞ്ഞ് ആരും ആക്ഷേപിക്കേണ്ടതില്ല. ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും തെറ്റുകളെ എന്‍എസ്എസ് ചൂണ്ടികാട്ടും. ഈ കാര്യത്തില്‍ മന്നത്തിന്റെ കാലം മുതല്‍ അനുവര്‍ത്തിച്ചുവരുന്ന നയമാണ് എന്‍എസ്എസ് പിന്തുടര്‍ന്നുവരുന്നതെന്ന് അദേഹം പറ ഞ്ഞു. എന്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ട്രഷറര്‍ ഡോ.എം. ശശികുമാര്‍, ഹരികുമാര്‍ കോയിക്കല്‍, ബി.കെ. ചന്ദ്രശേഖരക്കുറുപ്പ്, പി.രാജഗോപാലപ്പണിക്കര്‍, ഡോ. രാമചന്ദ്രന്‍നായര്‍, ഡോ.രമാദേവി എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം