കുട്ടനാട് പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കും: ഉമ്മന്‍ ചാണ്ടി

February 24, 2014 കേരളം

വൈക്കം: കുട്ടനാട് പാക്കേജിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടി.വി.പുരം കോട്ടച്ചിറയില്‍ കരിയാര്‍ സ്പില്‍വേ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

തണ്ണീര്‍മുക്കം ബണ്ടിലെ മൂന്നാംഘട്ട വികസനത്തിനായി 181 കോടിരൂപയ്ക്കുള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നിരവധി പാടശേഖരങ്ങളില്‍ ബണ്ട് നിര്‍മാണം പുരോഗമിക്കുന്നു. തൈക്കാട്ടുശേരിയില്‍ റിക്കാര്‍ഡ് വേഗത്തില്‍ പാലം തീര്‍ന്നു. അവിടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കും. നേരേകടവ്-മാക്കേക്കടവ് കായല്‍പാലം തീര്‍ന്നാല്‍ തീരമേഖലയും മലയോരമേഖലയും തമ്മിലുള്ള ദൂരം കുറയുകയും അത് സംസ്ഥാനത്തെത്തന്നെ മികച്ച വികസനപദ്ധതിയായി മാറുകയും ചെയ്യും-മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ഒരുമയും കൂട്ടായ്മയും കരിയാര്‍ സ്പില്‍വേ കം ബ്രിഡ്ജിന്റെ പൂര്‍ത്തീകരണത്തിനു സഹായകരമായിട്ടുണ്ടെന്നും വികസനത്തിനായി രാഷ്ട്രീയത്തിനധീതമായി ജനം കൈകോര്‍ത്താല്‍ വിസ്മയകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം