ഉത്രാളിക്കാവ് പൂരക്കാഴ്ചകള്‍ക്കു തുടക്കമായി

February 25, 2014 കേരളം

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരക്കാഴ്ചകള്‍ക്കു തുടക്കമായി. കുമരനെല്ലൂര്‍ വിഭാഗം കറുവണ്ണ ശിവക്ഷേത്രത്തിനു സമീപമുള്ള പൂരക്കമ്മിറ്റി ഓഫീസിലും എങ്കക്കാട് വിഭാഗം ഉത്രാളിക്കാവിനു സമീപമുള്ള തുളസി ഫര്‍ണിച്ചര്‍ ഷോറൂമിലും വടക്കാഞ്ചേരി വിഭാഗം ടൗണ്‍ കരുമരക്കാട് ശിവക്ഷേത്രത്തിനു സമീപവുമൊരുക്കിയ ചമയപ്രദര്‍ശനം ദൃശ്യവിരുന്നായി മാറി.

എങ്കക്കാട് വിഭാഗം ചമയപ്രദര്‍ശനം കുന്നംകുളം ഡിവൈഎസ്പി ടി.സി. വേണുഗോപാലും വടക്കാഞ്ചേരി വിഭാഗം മന്ത്രി സി.എന്‍. ബാലകൃഷ്ണനും കുമരനെല്ലൂര്‍ വിഭാഗം പ്രദര്‍ശനം പൂര കമ്മിറ്റി പ്രസിഡന്റ് ടി.പി. പ്രഭാകരമേനോനും ഉദ്ഘാടനം ചെയ്തു.

ഇന്നുരാവിലെ 11.30ഓടെ കുമരനെല്ലൂര്‍ വിഭാഗത്തിന്റെ ഗജഘോഷയാത്രയോടെ പൂരച്ചടങ്ങുകള്‍ക്കു തുടക്കമാകും. രാവിലെ 11.30ഓടെ ഉത്രാളിക്കാവില്‍ എങ്കക്കാട് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു തുടക്കമാകും. അന്നമനട പരമേശ്വര മാരാര്‍ തിമിലയിലും കുനിശേരി ചന്ദ്രന്‍മാരാര്‍ മദ്ദളത്തിലും തിച്ചൂര്‍ മോഹനന്‍ ഇടയ്ക്കയിലും എങ്കക്കാടിന്റെ നാദമാധുര്യത്തിനു ചുക്കാന്‍ പിടിക്കും. തിരുവമ്പാടി ശിവസുന്ദര്‍ എങ്കക്കാടിനുവേണ്ടി കോലമേറ്റും. 12ഓടെ വടക്കാഞ്ചേരി വിഭാഗത്തിന്റെ ചരിത്ര പ്രസിദ്ധമായ നടപ്പുര പഞ്ചവാദ്യത്തിനു തുടക്കമാകും. പാരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ തിമിലയിലും ചെര്‍പ്പുളശേരി ശിവന്‍ മദളത്തിലും തിരുവില്വാമല ഹരി ഇടയ്ക്കയിലും നാദപ്രപഞ്ചത്തിനു നേതൃത്വം നല്‍കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കാഞ്ചേരിയുടെ രാജകീയ എഴുന്നള്ളിപ്പിന് കോലമേറ്റും. ഉച്ചയ്ക്ക് 1.45ഓടെ ആരംഭിക്കുന്ന കുമരനെല്ലൂര്‍ വിഭാഗത്തിന്റെ വാദ്യനിശയ്ക്കു ചോറ്റാനിക്കര വിജയന്‍ തിമിലയിലും കല്ലേക്കുളങ്ങര കൃഷ്ണവാരിയര്‍ മദ്ദളത്തിലും പല്ലശന സുധാകരന്‍ ഇടയ്ക്കയിലും നേതൃത്വം നല്‍കും. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ കുമരനെല്ലൂര്‍ വിഭാഗത്തിന്റെ കോലമേറ്റും. വാദ്യത്തിന്റെ പെരുമഴ ഉത്രാളിക്കാവ് സന്നിധിയില്‍ തിമര്‍ത്തു പെയ്യിച്ച് മൂന്നു ദേശങ്ങളും പിന്‍വാങ്ങുന്നതോടെ വൈകീട്ട് 4.15-ന് ആകര്‍ഷകമായ വെടിക്കെട്ടിനു തുടക്കമാകും.

നിലവിലെ ധാരണപ്രകാരം എങ്കക്കാട് വിഭാഗം ആദ്യവും തുടര്‍ന്ന് കുമരനെല്ലൂര്‍ വടക്കാഞ്ചേരി വിഭാഗങ്ങളും കരിമരുന്നിന്റെ പൂരം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് മൂന്നു ദേശങ്ങളും സംയുക്തമായി നടത്തുന്ന കൂട്ടിയെഴുന്നള്ളിപ്പും കുടമാറ്റവും നടക്കും. രാത്രി പൂരം വീണ്ടും ആവര്‍ത്തിക്കും. നാളെ രാവിലെ വെടിക്കെട്ടും മറ്റു ചടങ്ങുകളും നടക്കും. മൂന്നു ദേശങ്ങളും ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിനു സമാപനമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം