എന്‍ഡോസള്‍ഫാന്‍: പഠനത്തിനു പുതിയ വിദഗ്‌ധസമിതി

December 21, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ വിദഗ്‌ധ സമിതിയെ രൂപീകരിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണു പുതിയ സമിതി. കൃഷി, പരിസ്‌ഥിതി മന്ത്രാലയങ്ങളുടെ പ്രതിനിധികളും സമിതിയില്‍ ഉണ്ടാകും. സമിതി അംഗങ്ങളെ പിന്നീടു തീരുമാനിക്കും. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു പുതിയ സമിതിക്കു രൂപം നല്‍കുന്നത്‌.
മുന്‍പ്‌ എന്‍ഡോസള്‍ഫാന്‌ അനുകൂലമായി റിപ്പോര്‍ട്ടു നല്‍കിയ സമിതിയുടെ അധ്യക്ഷനായിരുന്ന ഡോ.സി.ഡി.മായി പുതിയ സമിതിയില്‍ ഇല്ല. മായി പുതിയ സമിതിയില്‍ അംഗമാകുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
നേരത്തെ എന്‍ഡോസള്‍ഫാന്‍ പഠനത്തിനായി ആരോഗ്യം, പരിസ്‌ഥിതി , കൃഷി മന്ത്രാലയങ്ങളുടേതായി മൂന്നു വ്യത്യസ്‌ത സമിതികള്‍ ഉണ്ടായിരുന്നു. ഇതൊഴിവാക്കിയാണ്‌ മൂന്നു മന്ത്രാലയങ്ങളും നിര്‍ദേശിക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സമിതി രൂപീകരിക്കുന്നത്‌. ആരോഗ്യ, ജനിതക പ്രശ്‌നങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണു നിലവിലുള്ള മൂന്നു വിദഗ്‌ധസമിതികളെ ഏകോപിപ്പിച്ചു കൊണ്ട്‌ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഒറ്റസമിതിക്കു രൂപംനല്‍കാനുള്ള നീക്കം. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആയിരിക്കും എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം