മഠവൂര്‍പാറ ഗുഹാക്ഷേത്രവും നീലകണ്ഠ ദര്‍ശനവും

February 27, 2014 സനാതനം

ഹരികൃഷ്ണന്‍സ്

മഴ കനം തൂങ്ങി നില്ക്കുന്ന അന്തരീക്ഷം.
സന്ധ്യാ സമയത്തെ അത്യുജ്ജ്വല പ്രകടനം കഴിഞ്ഞ് അടുത്ത ഊഴത്തിനു മുമ്പുള്ള ഒരിടവേള.

എന്നാലും വിയര്‍പ്പുതുള്ളികള്‍ വീഴുന്നപോലെ ചെറുതായി ചാറുന്നുണ്ട്.

എത്രയും പെട്ടെന്ന് വീടെത്താന്‍ സാമാന്യത്തിലധികം വേഗത്തില്‍ സ്‌കൂട്ടര്‍ പായിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് എതിരേ വന്ന ഒരു ഇരുചക്രവാഹനം എന്റെ കുറുകെ തിരിഞ്ഞു. ഒരു തീരുമാനത്തിന് സമയമെടുക്കുന്നതിനുമുമ്പ് എന്റെ സ്‌കൂട്ടര്‍ മുമ്പിലെ ബൈക്കില്‍ ശക്തിയായിടിച്ചു. ഞാന്‍ ഒരു തികഞ്ഞ അഭ്യാസിയെപ്പോലെ ആ ബൈക്ക് യാത്രക്കാരുടെ മുകളിലൂടെ ഒന്നുരണ്ടു കരണം മറിഞ്ഞ് റോഡിലേക്ക്  പതിച്ചു.

ജീവിതത്തിന്റെ പൂര്‍ണ്ണ വിരാമം തൊട്ടറിഞ്ഞ നിമിഷം…..

ബോധം വന്നപ്പോള്‍ ശീതീകരിച്ച ഒരു മുറിയില്‍ സുഖകരമായി കിടക്കുന്ന പ്രതീതി. ചുറ്റിനും അഞ്ചാറുപേര്‍ കൂടി നില്‍ക്കുന്നു.
‘അഞ്ചാറടി പൊങ്ങി റോഡില്‍ വീണതാണ്, എത്രയും പെട്ടെന്ന് ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്ക്.’ ആരോ വിളിച്ചുപറയുന്നത് കേട്ടു.

ചെളിവെള്ളം പരന്നു കിടന്ന റോഡില്‍ കിടക്കുകയാണപ്പൊഴും.

ആശുപത്രിയില്‍…..

‘മഹാഭാഗ്യമാണ് ഒരു പോറല്‍ പോലുമില്ലല്ലോ’  ഡോക്ടറുടെ കമന്റ്.

തുടര്‍ന്നുള്ള കുറെ നവംബര്‍ മാസങ്ങളില്‍ ശരീരം ആ അപകടത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

****************************************

ഒന്‍പതുവര്‍ഷം കഴിഞ്ഞു

ചിറയിന്‍കീഴിനടുത്ത് ഒരു കുടിലില്‍ ഒരു സന്യാസിയെപ്പോലെ ലാളിത്യമാര്‍ന്ന ജീവിതം നയിക്കുന്ന ഒരു റിട്ടയേര്‍ഡ് ഐഎസ്ആര്‍ഒ ക്കാരന്‍. വളരെ ആകസ്മികമായാണ് അദ്ദേഹത്തെ കണ്ടത്. സകുടുംബം അവിടെയെത്തിയ എന്നെ അദ്ദേഹം തന്റെ പൂജാമുറിയിലേക്ക് ആനയിച്ചു. ഇരിക്കാന്‍ പായ വിരിച്ചുതന്നു. ഞങ്ങളെല്ലാം അതിലിരുന്നു.

സത്യസായിബാബയുടെ  വലിയ പടത്തിനൊപ്പം മറ്റു പല ദേവീദേവന്മാരും.

കത്തിച്ചുവച്ച വിളക്കും, സാമ്പ്രാണിത്തിരിയുടെ മണവും എല്ലാം ചേര്‍ന്ന് ഒരു ശ്രീകോവിലിന്റെ മുന്നില്‍ നില്ക്കുകയാണെന്നു തോന്നും.

അദ്ദേഹം ഒരു വശത്ത് കസേരയില്‍ ഇരുന്നു.

കണ്ണുകളടച്ച് ഉള്ളിലെന്തോ കാണുന്നതുപോലെ സംസാരിച്ചുതുടങ്ങി. ഞങ്ങളുടെ  പൂര്‍വ്വജന്മവും , ജീവിതത്തിലെ  ഇന്നത്തെ വ്യതിയാനങ്ങളും  സമന്വയിപ്പിച്ച്  അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ വളരെ കൃത്യമായിരുന്നു. അത്ഭുതാദരങ്ങളോടെ ഞങ്ങള്‍ അതു കേട്ടിരിക്കുകയാണ്.

ഇടയ്ക്ക് അല്പം നിര്‍ത്തി.    വളരെ ശാന്തമായ നിശബ്ദത.
‘നിന്റെ കാലിന് കുഴപ്പമൊന്നുമില്ലല്ലോ’
പെട്ടെന്ന് എന്തോ കണ്ടെത്തിയമട്ടില്‍ അദ്ദേഹം എന്നോട് ചോദിച്ചു.
‘ ഇല്ല, എന്നാലും ഇടത്തേ കാലിന് ചിലപ്പോള്‍ ഒരു ചെറിയ വേദന തോന്നാറുണ്ട്’ ഞാന്‍ പ്രതിവചിച്ചു.
‘കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് നിനക്ക് ഒരപകടമുണ്ടായില്ലേ? അതില്‍ നിന്റെ ഇടത്തേ കാല്‍ പോകേണ്ടതായിരുന്നു.
അന്നു നിന്നെ രക്ഷിച്ചത് ഒരു സിദ്ധനാണ്, ഒരു സന്ന്യാസിശ്രേഷ്ഠന്‍, ഒരു ഗുഹാക്ഷേത്രവുമായി ബന്ധപ്പെട്ടയാള്‍, പേര് – നീലകണ്ഠഗുരുപാദര്‍, കേട്ടിട്ടുണ്ടോ?’

*********************************************

ആദ്യമാദ്യം സന്ദര്‍ശകനും പിന്നെ ഒമ്പതു വര്‍ഷക്കാലം ആശ്രമത്തിലെ അന്തേവാസിയുമായി, സ്വാമി സത്യാനന്ദസരസ്വതി തിരുവടികളോടൊപ്പം കഴിഞ്ഞിരുന്ന എനിക്ക് നീലകണ്ഠഗുരുപാദര്‍ എന്ന പേരു കേട്ടാല്‍ ഓര്‍മ്മവരുന്ന ഒരേയൊരു രൂപമല്ലേയുള്ളു.

എന്തു പറയുമ്പോഴും ഗുരുസ്വാമിയെന്നും, ഗുരുപാദരെന്നും ചിലപ്പോള്‍ മൂപ്പിലെന്നും ഒക്കെ സ്വാമി വിശേഷിപ്പിക്കാറുള്ള സ്വാമി സത്യാനന്ദസരസ്വതികളുടെ  ഗുരുനാഥന്‍.

ഞാനദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല, എങ്കിലും സ്വാമിജിയുടെ വാക്കുകളിലൂടെയും, നാട്ടിലെ പ്രായമേറിയ ആളുകള്‍ പറയുന്ന അനുഭവ കഥകളിലൂടെയും അദ്ദേഹം മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.

സ്‌കൂട്ടറില്‍ നിന്ന് അഞ്ചാറടി ഉയര്‍ന്നുപൊങ്ങി താഴെ ടാറിട്ട റോഡിലേക്ക് പതിക്കുന്ന ആ നിമിഷത്തില്‍ ഈ നിസ്സാരനെ താങ്ങിക്കിടത്താന്‍ എത്തിയത് ആ തൃക്കൈകളായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പശ്ചാത്താപത്താല്‍ വിവശനായി.

എത്രയോകാലം ആ സവിധത്തില്‍ താമസിച്ചിട്ടും അവിടത്തെ കാരുണ്യമെന്തെന്ന് കാട്ടിത്തരാന്‍ ഇനിയൊരാള്‍ വേണ്ടിവന്നല്ലോ.

ചേങ്കോട്ടുകോണത്ത് ശ്രീരാമദാസാശ്രമം സ്ഥാപിച്ചത് അദ്ദേഹമാണ്. അതുകൊണ്ടുതന്നെ അദ്ദേഹവും, ശിഷ്യന്‍ സ്വാമി സത്യാനന്ദസരസ്വതികളും ‘ചേങ്കോട്ടുകോണം സ്വാമി’ എന്ന വിശേഷണത്താല്‍ പ്രശസ്തരുമാണ്.

തികച്ചും അപരിചിതനായ ഒരു സന്യാസിയില്‍നിന്ന് ‘ഒരു ഗുഹാക്ഷേത്രവുമായി ബന്ധപ്പെട്ട സന്യാസി ശ്രേഷ്ഠന്‍’  എന്ന പരാമര്‍ശം എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു.

ശ്രീരാമദാസാശ്രമത്തിലെ ദീപാരാധനയ്ക്കുശേഷം അര്‍ദ്ധരാത്രികളില്‍ ശ്രീനീലകണ്ഠഗുരുപാദര്‍ മഠവൂര്‍പാറ ഗുഹാക്ഷേത്ര സന്നിധിയില്‍ ധ്യാനനിഷ്ഠനായിരിക്കുന്നതായി കണ്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ദിവ്യസാമാധിയ്ക്കുശേഷമുള്ള കാലഘട്ടങ്ങളില്‍ വിദൂരദേശങ്ങളില്‍ നിന്നും വരുന്ന പല സന്ന്യാസിവര്യന്മാരും ആശ്രമം സന്ദര്‍ശിച്ച് പോകാറുണ്ടായിരുന്നു. അവരില്‍ പലര്‍ക്കുമാണ് മേല്‍പറഞ്ഞ ദര്‍ശനം സാദ്ധ്യമായിട്ടുള്ളത്.

മഠവൂര്‍പാറ ഗുഹാക്ഷേത്രത്തിന് തെക്കുകിഴക്കായി കുളക്കോട്ടുകോണം എന്ന സ്ഥലത്ത് ഇടതൂര്‍ന്ന ഒരു കാവും അതിനോടു ചേര്‍ന്ന് ഒരു ചിറയുമുണ്ടായിരുന്നു.

ഗുരുപാദരുടെ വന്ദ്യപിതാവ് ശ്രീ മാതേവന്‍ പിള്ള ഈ കാവിലെ നിത്യ പൂജാരിയായിരുന്നു. നാഗത്താന്മാര്‍ അദ്ദേഹത്തിന്റെ ഓലക്കുടയില്‍ ചുറ്റിപ്പിണഞ്ഞിരുന്ന് അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുമായിരുന്നുവെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

മനുഷ്യസാമീപ്യം തീരെയില്ലാതിരുന്ന, കാനനസമാനമായ ആ സ്ഥലത്ത് അസമയത്തുപോലും നിര്‍ഭയമായിവന്ന് ചിറയില്‍ കുളിച്ചുപോകുമായിരുന്നു ഗുരുപാദരുടെ മാതാവ് ശ്രീമതി കൊച്ചപ്പിയമ്മ.

(ഗുരുപാദരുടെ സഹോദരീപുത്രന്‍ ശ്രീ ശ്രീധരന്‍ നായരുടെ ഓര്‍മ്മകളാണ് മേല്‍പ്പറഞ്ഞവ)

Madavoorppara-pb2‘ഗംഗയാറൊഴുകുന്ന നാട്ടിലേ
ശരിക്കിത്ര മംഗളം തരും
കല്പപാദപമുണ്ടായ് വരൂ.’

മഠവൂര്‍പാറയ്ക്ക് വടക്ക്  വാഴോട്ടുപൊയ്ക എന്ന സ്ഥലത്തായിരുന്നു ഗുരുപാദരുടെ ബാല്യകാലം ചെലവിട്ടത്. അന്ന് മഠവൂര്‍പ്പാറയും പരിസരപ്രദേശങ്ങളുമെല്ലാം വന്യമൃഗവാസമുള്ള കാടുതന്നെയായിരുന്നു.

സ്വാമി സത്യാനന്ദസരസ്വതികളുടെ വിവരണത്തില്‍ ‘അന്ന് അവിടം ഉയരത്തില്‍ വളര്‍ന്നു നില്ക്കുന്ന ആഞ്ഞിലി മുതലായ മരങ്ങളും അതില്‍ ചുറ്റിപ്പടര്‍ന്നു കിടക്കുന്ന ചൂരല്‍ വള്ളികളും കായ്കളും മുള്ളുകളും കൊണ്ടു നിറഞ്ഞും തളിര്‍ത്തും പൂത്തും സൗന്ദര്യവും സൗരഭ്യവും ഒരേപോലെ വാരിവിതറിക്കൊണ്ട് പരിശോഭിച്ചിരുന്നു. നിറയെ കുരങ്ങന്മാര്‍ അധിവസിച്ചിരുന്ന ആ പ്രദേശം പ്രകൃതിയുടെ അനവദ്യസുന്ദരമായ അത്ഭുത സിദ്ധികള്‍ക്ക് ഉറവിടമാണെന്ന് ആര്‍ക്കും തോന്നിപ്പോകും’.

അങ്ങനെയുള്ള പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാനും കളിക്കാനുമായി കൂട്ടുകാരോടൊപ്പം  ‘നീലകണ്ഠന്‍’ എത്തുമായിരുന്നു. (ഗുരുപാദര്‍ക്ക് അച്ഛനമ്മമാര്‍ ഇട്ട പേര്)

Madavoorppara-pb1അന്നത്തെ കൂട്ടുകാരില്‍ ഒരാളായ ശ്രീ ശേഖരപിള്ളയുടെ മകന്‍, ഇന്ന് മഠവൂര്‍പ്പാറ ക്ഷേത്രത്തിന്റെ മാനേജര്‍ ശ്രീ ഭാസ്‌ക്കരപിള്ളയുടെ (രവിയണ്ണന്‍) പിതൃസ്മരണകളില്‍നിന്ന് ശേഖരിച്ചതാണ് ഈ അറിവ്.

മഠവൂര്‍പ്പാറ ഗുഹാക്ഷേത്രത്തില്‍ വാണരുളുന്ന സാക്ഷാല്‍ നീലകണ്ഠന്റെ ബാലസ്വരൂപം തന്നെയായിരുന്നു അന്ന് അവിടെ കളിച്ചു നടന്നിരുന്നത്.

കളി എന്നു പറഞ്ഞാല്‍, വലിയ ഒരു ഉരുളന്‍ കല്ല് എടുത്തുവച്ച് ശിവലിംഗമായി സങ്കല്പിക്കുക, കാട്ടുപൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തുക, കാട്ടുപഴങ്ങള്‍ നേദിച്ച് കൂട്ടുകാര്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയ ശീലങ്ങളെ സാധാരണക്കാര്‍ക്ക് വെറും കളിയായി തോന്നിയിരിക്കാം.

തന്റെ ജീവിതോദ്ദേശ്യമെന്തെന്ന് ലോകത്തെ അറിയിക്കുകയായിരുന്നിരിക്കണം ശ്രീ നീലകണ്ഠന്‍.

സദാ രാമനാമം ജപിക്കുന്ന സാക്ഷാല്‍ മഹാദേവന്റെ  അവതാരം. അതുകൊണ്ടാണല്ലോ ആശ്രമം സ്ഥാപിച്ച് അവിടെ അദ്ദേഹം ശ്രീരാമന്റെ പ്രതിഷ്ഠ നടത്തിയത്.

സാക്ഷാല്‍ മഹാദേവബീജനായ ഹനുമാനായി മാറിയ ശ്രീ നീലകണ്ഠഗുരുപാദരുടെ ചില സമയത്തെ – പ്രത്യേകിച്ച് ആരാധനാ സമയത്തെയും അഭിഷേക സമയത്തെയും – മര്‍ക്കടസമാനമായ ചേഷ്ടകള്‍ കൊണ്ട് താന്‍ സാക്ഷാല്‍ മഹാദേവാവതാരമാണെന്ന് ലോകര്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നിരിക്കണം.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എട്ടു മഹര്‍ഷിശ്രേഷ്ഠന്മാര്‍ മേല്‍വിവരിച്ച വനപ്രദേശത്ത് ദീര്‍ഘകാലം തപസ്സനുഷ്ഠിച്ചിരുന്നുവെന്നും, അവരുടെ പൂജാദികളില്‍ സംപ്രീതനായ ഭഗവാന്‍ പാര്‍വ്വതീസമേതനായി അവര്‍ക്ക് ദര്‍ശനം നല്കിയെന്നും പറയപ്പെടുന്നു.

അന്ന് ഒറ്റ രാത്രികൊണ്ടാണത്രേ ഈ ക്ഷേത്രമുണ്ടായത്.

എന്തായാലും ആ കാലം മുതല്‍ തന്നെ ഈ ഗുഹാക്ഷേത്രം അവിടെ ഉണ്ടായിരുന്നതായി നമുക്ക് വിശ്വസിക്കാം.

പുരാവസ്തുവകുപ്പിന്റെ കണക്കു പ്രകാരം ഏകദേശം 1300ല്‍ കൂടുതല്‍ വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിന് കല്പിക്കപ്പെടുന്നുണ്ട്. മേല്‍പ്പറഞ്ഞ എട്ടു മഹര്‍ഷിമാരും അവിടെത്തന്നെ ദിവ്യ സമാധിയടഞ്ഞുവെന്നും കരുതപ്പെടുന്നു.

ശ്രീ നീലകണ്ഠന് തിരു അവതാരം ചെയ്യാന്‍ ഇതില്‍പരം  യോജിച്ച സ്ഥലം മറ്റേതുണ്ട്.

പില്‍ക്കാലത്ത് ആശ്രമത്തില്‍ തൊഴാനെത്തുന്ന ഭക്തരോട് മഠവൂര്‍പ്പാറയില്‍ പോയി തൊഴുതുവരാന്‍ ഗുരുപാദര്‍ നിഷ്‌കര്‍ഷിച്ചയക്കുമായിരുന്നു.

കൈലാസത്തിലുണ്ടെന്ന് പറയപ്പെടുന്ന മുപ്പതും മൂന്നും പടികള്‍ ഈ ഗുഹാക്ഷേത്രത്തിനു മുന്നിലും നമുക്ക് ദര്‍ശിക്കാനാകും. ‘വെള്ളി മാമല’യുടെ  ഒരു സൂക്ഷ്മരൂപമല്ലേ ഇതെന്ന് ഭക്തര്‍ക്ക് തോന്നുമാറ് ഇതിന്റെ മുകളില്‍ പാറയിടുക്കില്‍ നിന്ന് ഒരു നീരുറവയും കാണാം.

ഗംഗാധരന്‍ എന്ന സങ്കല്പം പൂര്‍ണ്ണമാകണ്ടേ?

*ചില ദിവസങ്ങളില്‍ ഗുരുപാദര്‍ അദ്ദേഹത്തിന്റെ കട്ടിലില്‍ ഇരിക്കുമ്പോള്‍ ആരു വിളിച്ചാലും ഒരു പ്രതികരണവുമില്ലാതെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പിന്നീട് ഭക്തജനങ്ങള്‍ അറിയിക്കുമ്പോള്‍ അതിനുള്ള മറുപടിയിതായിരുന്നു. ‘ഞങ്ങള്‍ അക്കരെ പൂജയ്ക്ക് പോയിരുന്നെടോ’. അക്കരെ എന്നു പറയുന്നത് മഠവൂര്‍പ്പാറ ഗുഹാക്ഷേത്രത്തെക്കുറിച്ചാണ്. * (‘പാദപൂജ’ പേജ് 227)

അതുപോലെ അദ്ദേഹത്തിന്റെ ചെറുപ്പകാലങ്ങളില്‍ അദ്ദേഹം വെള്ളിയാഴ്ചതോറും മരുത്വാമലയില്‍ പോയി ധ്യാനിക്കുമായിരുന്നുവെന്ന്, ജീവിതത്തില്‍ വളരെക്കാലം അദ്ദേഹത്തിന്റെ സാമീപ്യം അനുഭവിച്ച ആശ്രമത്തിലെ രാമായണ പാരായണക്കാരില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്.

വേളിമലയിലും കുമാരകോവിലിലും വച്ച് അദ്ദേഹത്തിന് സുബ്രഹ്മണ്യ ദര്‍ശനവും ലഭിച്ചിട്ടുണ്ട് എന്ന് സ്വാമി സത്യാനന്ദസരസ്വതി ‘പാദപൂജ’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീ നീലകണ്ഠഗുരുപാദര്‍ ശ്രീരാമപട്ടാഭിഷേകം നടത്തിയിരുന്ന ചപ്രത്തില്‍ ‘ഓം നമശ്ശിവായ’ എന്ന മന്ത്രം ആലേഖനം ചെയ്തിരിക്കുന്നത് ശ്രദ്ധേയമാണ്.

ഇവിടെ ഭഗവാനും ഭക്തനും രണ്ടല്ല. സദാ രാമനാമം ജപിക്കുന്ന പരമേശ്വരന്‍, രാമനാല്‍ പൂജിക്കപ്പെടുന്ന രാമേശ്വരനുമാണല്ലോ.

‘തത്ത്വമസി’

കാട്ടുമൃഗങ്ങളും കുരങ്ങുകളും കാളസര്‍പ്പങ്ങളും വിഹരിക്കുന്ന, വന്മരങ്ങളും ചൂരല്‍ വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ കൊടും കാടിനു തുല്യമായിരുന്ന മഠവൂര്‍പ്പാറയില്‍ ഒറ്റയ്ക്ക് ശ്രീനീലകണ്ഠ ഗുരുപാദര്‍ തപസ്സനുഷ്ഠിച്ചിരുന്നു.

ഇതെല്ലാം അദ്ദേഹത്തിന്റെ ഇരുപതു വയസ്സിനുമുമ്പുള്ള കാര്യങ്ങളാണെന്നോര്‍ക്കണം.

മഠവൂര്‍പ്പാറ ക്ഷേത്ര സന്നിധിയില്‍വച്ചാണ് അദ്ദേഹത്തിന് സാക്ഷാല്‍ കൈലാസനാഥന്റെ തൃപ്പാദദര്‍ശനം ലഭിച്ചത്. ഭക്തന് ഭഗവാന്റെ പാദമൂലമാണത്രേ ഏറ്റവും ഉത്കൃഷ്ടമായ ദര്‍ശനം.

GS-pb-1നീലകണ്ഠഗുരുദേവായെന്ന് വിളിച്ചോട്ടെ എന്ന ഭക്തന്മാരുടെ ചോദ്യത്തിന് ‘ദേവനാകാന്‍ വയ്യെടോ പാദരാകാം’ എന്ന അരുളപ്പാടിന്റെ  സാംഗത്യം മറ്റൊന്നല്ല.

ആ തൃപ്പാദങ്ങള്‍ക്കായിക്കൊണ്ട്  സാഷ്ടാംഗ നമസ്‌ക്കാരം…..

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം