നിയമനതട്ടിപ്പു വിവാദം: റവന്യൂമന്ത്രിക്കെതിരെ പ്രതിപക്ഷം; സഭ പിരിഞ്ഞു

December 21, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്‌ നല്‍കി പ്രതിപക്ഷ ചീഫ്‌ വിപ്പ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ ആവശ്യം ഉന്നയിച്ചത്‌. തട്ടിപ്പു കേസിലെ മുഖ്യപ്രതി അഭിലാഷ്‌ പിള്ളിക്കു വേണ്ട ഒത്താശ റവന്യൂവകുപ്പില്‍ നിന്നുനല്‍കി. വയനാട്ടില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ അഭിലാഷ്‌ പിള്ളയെ സ്‌ഥലം മാറ്റിയെങ്കിലും അതു പ്രാബല്യത്തിലായില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. ചോദ്യോത്തരവേളയില്‍ ഇതു സംബന്ധിച്ചു മറുപടി പറഞ്ഞതിനാല്‍ അടിയന്തര പ്രമേയത്തിനു പ്രസക്‌തിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരെ ചീത്തയാക്കി കാണിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമം. സര്‍ക്കാര്‍ എടുത്ത നടപടികള്‍ ജനം മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമന തട്ടിപ്പു കേസില്‍ റവന്യൂ വകുപ്പ്‌ സ്വീകരിച്ച നടപടികള്‍ പ്രതിപക്ഷം കാണാതെ പോകുന്നതു ഖേദകരമാണെന്നു റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്നു സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു.
പല തസ്‌തികകളിലെയും നിയമനവുമായി ബന്ധപ്പെട്ടു കോടികളുടെ അഴിമതി നടന്നതായി തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വയനാടിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ താറടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. തുടര്‍ന്നു പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ബഹളത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം