ഗുരുശിഷ്യബന്ധം – സഹസ്രകിരണന്‍

February 26, 2014 സനാതനം

ഡോ. എം.പി.ബാലകൃഷ്ണന്‍
പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുദേവന്‍; ദ്വിതീയ ശിഷ്യന്‍ ശ്രീനീലകണ്ഠ തീര്‍ത്ഥപാദ സ്വാമികള്‍; തൃതീയ ശിഷ്യന്‍ ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ – ഇവര്‍ മൂവരാണ് ചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യരില്‍ പ്രമുഖര്‍.

മലയാള വര്‍ഷം ആയിരത്തിമുപ്പത്തിരണ്ടാമാണ്ട് ചിങ്ങം 11-ാം തീയതി നാലാം ഓണദിവസമായ ചതയം നക്ഷത്രത്തിലാണ് (1856 ആഗസ്റ്റ് 20) ശ്രീനാരായണന്‍ ജനിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ വിവാഹിതനായി എന്നു വരുത്തി, നിത്യബ്രഹ്മചാരിയായി സന്ന്യാസിയാകാന്‍ ഉഴറി നടക്കുന്ന കാലം. ഒരു സദ്ഗുരുവിനെ ലഭിക്കണം – അതുമാത്രമായിരുന്നു തീവ്രമായ അഭിലാഷം. അങ്ങനെകഴിയവേ ഒരു ദിവസം ചെമ്പഴന്തി അണിയൂര്‍ ക്ഷേത്രത്തില്‍ ചട്ടമ്പിസ്വാമികള്‍ വന്നു വിശ്രമിക്കുന്നുവെന്ന് അറിയുന്നു. പിന്നെ വൈകിയില്ല. നാണു ആശാന്‍ അങ്ങോട്ടു ചെന്നു. അണിയൂര്‍ ക്ഷേത്രത്തില്‍ അക്കാലത്ത് ഈഴവര്‍ക്കു പ്രവേശനമില്ലായിരുന്നു. അതിനാല്‍ ഇരുവര്‍ക്കും പരിചിതനായ കൊടിപ്പറമ്പില്‍ നാരായണപിള്ള എന്ന മാന്യന്‍ ഇടപെട്ടു സ്വാമികളെ പുറത്തേക്കു വരുത്തി. അവിടെവച്ചാണ്, കേരള ചരിത്രത്തില്‍ അവിസ്മരണീയമായ ആ സംഗമം, മുപ്പതു വയസ്സുള്ള വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികളും ഇരുപത്തേഴുവയസ്സുള്ള നാണു ആശാനും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. കാലം മലയാള വര്‍ഷം ആയിരത്തിഅന്‍പത്തൊമ്പത് (ക്രിസ്തുവര്‍ഷം 1883)

കൊടിപ്പറമ്പില്‍ നാരായണപിള്ള നാണുവാശാനെ സ്വാമികള്‍ക്കു പരിചയപ്പെടുത്തി; ആഗമനോദ്ദേശ്യവും അറിയിച്ചു. ലോകാചാരമനുസരിച്ച് അങ്ങനെയൊക്കെ വേണമല്ലോ. ഗുരുശിഷ്യബന്ധം വാസ്തവത്തില്‍ പൂര്‍വജന്മത്തിന്റെ തുടര്‍ച്ചയാകുന്നു. അതിനാല്‍ പ്രഥമദര്‍ശനത്തില്‍തന്നെ സന്ന്യാസത്തിന് ഉത്തമാധികാരിയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് സ്വാമികള്‍ക്കും താന്‍ തേടിവന്ന സദ്ഗുരുവാണ് തിരുവടികള്‍ എന്നു നാണുവിനും ബോദ്ധ്യം വന്നിട്ടുണ്ടാവണം. ആ പ്രഥമശിഷ്യനെ അന്നുമുതല്‍ വാത്സല്യപൂര്‍വ്വം ‘നാണാന്‍’ എന്നാണു സ്വാമികള്‍ വിളിച്ചത്. ശിഷ്യനാകട്ടെ ഗുരുചരണപരിചരണത്തില്‍ ജാഗരൂകനായതും കഴിഞ്ഞു. അങ്ങനെ അഞ്ചുകൊല്ല സ്വാമികള്‍ ശിഷ്യനെ തന്റെ സന്തതസഹചാരിയാക്കി. ഇതിനിടയില്‍ ‘ബാലാസുബ്രഹ്മണ്യമന്ത്രം’ എന്ന ചതുര്‍ദ്ദശാക്ഷരീമന്ത്രം ഉപദേശിച്ചു. യോഗവിദ്യകള്‍ അഭ്യസിപ്പിച്ചു; ഖേചരീമുദ്ര ശീലിപ്പിച്ചു. ഇതെല്ലാം പുറത്തറിഞ്ഞിടത്തോളം കാര്യങ്ങള്‍. സകലകലാവല്ലഭനും യോഗാരൂഢനുമായ ഗുരു. ആരുരുക്ഷുവായ ശിഷ്യന്‍. ആ സന്തതസഹചാര കാലത്തില്‍ അറിവിന്റെ ഏതേതു ലോകങ്ങളില്‍ അവര്‍ അടനം ചെയ്തിരിക്കില്ല! വര്‍ഷങ്ങള്‍ക്കുശേഷം, അതായത് മലയാള വര്‍ഷം ആയിരത്തിഎഴുപത്തിമൂന്ന് മീനമാസം 16-ാം തീയതി ബുധനാഴ്ച പ്രഭാതത്തില്‍ ദ്വിതീയശിഷ്യനായ ശ്രീ തീര്‍ത്ഥപാദസ്വാമികള്‍ക്ക് ‘ബാലസുബ്രഹ്മണ്യമന്ത്രം’ ഉപദേശിച്ച നേരത്ത് ‘ഇതു നമ്മുടെ പരമ്പരയിലെ ഏറ്റവും രഹസ്യവും പ്രാധാന്യമേറിയതുമായ ഒരു സിദ്ധമന്ത്രമാണ്. ഞാന്‍ ഇത് അധികമാളുകള്‍ക്കുപദേശിച്ചിട്ടില്ല. ആദ്യം നാണന് ഇതുപദേശിച്ചുകൊടുത്തു. അയാളില്‍ അതു വളരെ ഫലിച്ചു’ എന്നു സ്വാമിതിരുവടികള്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണഗുരുവും സ്വന്തം വാക്യങ്ങളില്‍ ശ്രീ ചട്ടമ്പിസ്വാമികളുമായി തനിക്കുള്ള ബന്ധമെന്തെന്ന് സ്പഷ്ടമാക്കിയിട്ടുണ്ട്. ‘നവമഞ്ജരി’ എന്ന ആദ്യകാല കൃതിയില്‍

‘ശിശുനാമഗുരോരാജ്ഞം
കരോമി ശിരസാവഹന്‍
നവമഞ്ജരികാം ശുദ്ധീ-
കര്‍ത്തുമര്‍ഹന്തി കോവിദഃ’

എന്നിങ്ങനെ ശിശുനാമശബ്ദംകൊണ്ട് സാദരം പരാമര്‍ശിച്ചിരിക്കുന്നു. അങ്ങനെ 1883ല്‍ ഒരു ശുഭമുഹൂര്‍ത്തത്തില്‍ ആരംഭിച്ച പാവനമായ ഈ ഗുരുശിഷ്യബന്ധം ഗുരുവിന്റെ മഹാസമാധിപര്യന്തമുള്ള നാല്പത്തിയൊന്നു വര്‍ഷവും അഭംഗുരം തുടര്‍ന്നു.
—————————————————————————————————
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:
ഡോ.എം.പി.ബാലകൃഷ്ണന്‍
മലയാള വര്‍ഷം 1122 ല്‍ ജനിച്ചു. അച്ഛന്‍ തിരുവനന്തപുരം ഋഷിമംഗലത്തു മാധവന്‍നായര്‍. അമ്മ കന്യാകുമാരി ജില്ലയില്‍ കവിയല്ലൂര്‍ മേച്ചേരിത്തറവാട്ടില്‍ ഗൗരിക്കുട്ടിയമ്മ. സാഹിത്യം, വേദാന്തം, സംഗീതം, ജ്യോതിഷം, വാസ്തുശാസ്ത്രം, വൈദ്യം ഇവ പരിചിത മേഖലകള്‍ നെയ്യാറ്റിന്‍കരയില്‍ ഹോമിയോ പ്രാക്റ്റീസ് ചെയ്യുന്നു. ശ്രീ വിദ്യാധിരാജ വേദാന്തപഠനകേന്ദ്രം, സാരസ്വതം കലാസാഹിത്യവേദി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇതരകൃതികള്‍ : കൊടിയേറ്റം (കവിത), എരിനീര്‍പ്പൂക്കള്‍ (കവിത), നമ്മുടെ റോസയും പൂത്തു (ബാല സാഹിത്യം), പാലടപ്പായസം (ബാലസാഹിത്യം), എന്റെ മണ്ണ് എന്റെ മാനം (ബാലനോവല്‍)

വിലാസം : ഗൗരീശങ്കരം, രാമേശ്വരം, അമരവിള പോസ്റ്റ്, നെയ്യാറ്റിന്‍കര
തിരുവനന്തപുരം, പിന്‍ – 695 122, ഫോണ്‍ : 0471-2222070

പ്രസാധകര്‍ : വിവേകം പബ്ലിക്കേഷന്‍സ്
രാമേശ്വരം, അമരവിള P.O ,
നെയ്യാറ്റിന്‍കര, തിരുവനന്തപുരം – 695 122
ഫോണ്‍: 0471-2222070

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം