ലോകത്തിനു വിളക്കായി ഹൈന്ദവദര്‍ശനം

February 26, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial-Light-pbലോകം ഇന്നൊരു വഴിത്തിരിവിലാണ്. പ്രത്യയശാസ്ത്രങ്ങളും സെമറ്റിക് മതദര്‍ശനങ്ങളും പരാജയപ്പെട്ട ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിവിളക്കാകാന്‍ ഇനി ഭാരതീയ ദര്‍ശനങ്ങള്‍ക്കുമാത്രമേ കഴിയൂ. ശാസ്ത്രനേട്ടം ലോകത്തെമുഴുവന്‍ മനുഷ്യന്റെ  വിരല്‍ത്തുമ്പിലെത്തിച്ചുവെങ്കിലും മനുഷ്യര്‍തമ്മില്‍ ഹൃദയംകൊണ്ട് അകലുകയാണ്. പരസ്പരം അവിശ്വാസത്തിന്റെയും പകയുടേയുമൊക്കെയായ ഒരു ഘട്ടത്തിലെത്തിനില്‍ക്കുകയാണ് മാനവരാശി. ഈ പ്രതിസന്ധി മറികടക്കുവാന്‍ ലോകം ഉറ്റുനോക്കുന്നത് ഭാരതത്തിലേക്കാണ്.

ഭാരതത്തിന്റെ സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ദര്‍ശനത്തിനുമാത്രമേ ഇനി ലോകത്തെ മുന്നോട്ടുനയിക്കാനാകൂ. ഇക്കാര്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍തന്നെ മഹര്‍ഷി അരവിന്ദഘോഷ് പ്രവചിച്ചിരുന്നു. അത് സത്യമാകുന്ന തരത്തിലാണ് ഇന്നത്തെ ലോകഗതി. പാശ്ചാത്യ ലോകത്തെ നിയന്ത്രിക്കുന്ന അമേരിക്കയില്‍ ഇന്ന് ഹൈന്ദവദര്‍ശനങ്ങളോട് ആഭിമുഖ്യം കൂടിവരുന്നു. ഒട്ടേറെപ്പേര്‍ ഭാരതീയ ദര്‍ശനങ്ങളില്‍ ആകൃഷ്ടരാകുകയും ഹൈന്ദവാചാരനുഷ്ഠാനങ്ങളിലേക്ക് മാറുകയുമാണ്.

മനുഷ്യന്‍ ചോദിക്കുന്ന ഏതുചോദ്യത്തിനുമുള്ള ഉത്തരം നല്‍കാന്‍ കെല്‍പ്പുള്ളതാണ് വേദസാരാംശമായ ഉപനിഷത്തുകള്‍. ശാസ്ത്രം അവസാനിക്കുന്നിടത്ത് പിന്നെ ഉത്തരം നല്‍കാന്‍ കഴിയുന്നത് ഉപനിഷത്തുക്കള്‍ക്കാണ്. ലോകം കണ്ട എക്കാലത്തെയും മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനും പറഞ്ഞത് ഇതുതന്നെയാണ്. ലോകത്തെമുഴുവന്‍ ഒരു കുടുംബമായി കാണുകയും ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും ശാന്തിഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്ത മഹാദര്‍ശനം പിറന്നത് ഭാരതത്തിലാണ്. ഋഷീശ്വരന്മാര്‍ വര്‍ഷങ്ങള്‍ നീണ്ട കൊടുംതപസ്സിലൂടെ നേടിയ പ്രപഞ്ച സത്യങ്ങള്‍ പകര്‍ന്നുവച്ചതാണ് ഭാരതീയ ദര്‍ശനം.

പാശ്ചാത്യ ചിന്തയുടെ പൊള്ളത്തരം വെളിവാകുകയും സെമറ്റിക് മതങ്ങള്‍ ഇതുവരെ പറഞ്ഞതെല്ലാം വിടുവാക്കായി തീരുകയും ചെയ്തപ്പോള്‍ ഹൈന്ദവദര്‍ശനത്തിന്റെ പൊരുളില്‍ സെമറ്റിക് മതങ്ങളില്‍പ്പെട്ടവര്‍തന്നെ ആകൃഷ്ടരാകുകയാണ്. അതുകൊണ്ടുതന്നെ ആ മതനേതൃത്വങ്ങള്‍ വിഭ്രാന്തിയിലാണ്. ഹിന്ദുസമൂഹത്തെ താറടിച്ചുകാണിക്കുവാന്‍ കിട്ടുന്ന ഒരവസരവും അവര്‍ കളയാറില്ല. ഇത്തരം നീക്കങ്ങള്‍ ഇപ്പോള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നത് ബോധപൂര്‍വമാണെന്നുവേണം കരുതാന്‍. സൂര്യനെ മുറംകൊണ്ട് മറയ്ക്കാനുള്ള വൃഥാശ്രമമാണ് ഇത്തരം നീക്കങ്ങള്‍. പക്ഷെ ഹൈന്ദവ ജനത കരുതിയിരിക്കണമെന്നകാര്യത്തില്‍ തര്‍ക്കമില്ല.

ഹൈന്ദവദര്‍ശനങ്ങള്‍ വാരിപ്പുണരാന്‍ വെമ്പിനില്‍ക്കുന്ന ഒരു ലോകമാണ് 21-ാം നൂറ്റാണ്ടിലേത്; പ്രത്യേകിച്ച് ശാസ്ത്രത്തിനു പുറകേയുള്ള പാച്ചിലില്‍ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോയ പാശ്ചാത്യലോകം. ധര്‍മ്മത്തിന്റെ പതാക പാറിപ്പറക്കുന്ന പുണ്യഭൂമിയായ ഭാരതത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല. ധര്‍മ്മത്തിന്റെ വെളിച്ചം സൂര്യവെളിച്ചമാണ്. അതുകെടുത്താന്‍ ആര്‍ക്കാണു കഴിയുക ?

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍