അര്‍ഹിക്കുന്നവര്‍ക്ക് സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം – മുഖ്യമന്ത്രി

February 26, 2014 കേരളം

തിരുവനന്തപുരം: അര്‍ഹിക്കുന്നവര്‍ക്ക് സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്കും വര്‍ക്കര്‍മാര്‍ക്കും യൂണിഫോം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അനര്‍ഹര്‍ക്ക് അത് കിട്ടുന്നു എന്നതാണ് കുറവ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അംഗന്‍വാടി പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അംഗന്‍വാടികളുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പ്രോത്സാഹനങ്ങളും നല്‍കും. സേവനത്തിനനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് ലഭ്യമാകുന്നില്ല എന്ന ബോധ്യം സര്‍ക്കാരിനുണ്ട്. അതിനാലാണ് ബജറ്റില്‍ കൂടുതല്‍ തുക പ്രഖ്യാപിച്ചത്. ഭാവിയിലും ഇതുപോലുള്ള സമീപനങ്ങളുണ്ടാകും. ഹെല്‍പ്പര്‍മാരുടെയും വര്‍ക്കര്‍മാരുടെയും അലവന്‍സുകളുടെ കാര്യത്തിലും സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സമൂഹത്തില്‍ വളരെയധികം പരിഗണന ലഭിക്കേണ്ടവരുണ്ട്. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ ഏറെയാണ്. വലിയ ഫീസുകള്‍ കൊടുത്ത് സ്‌കൂളുകളില്‍ കുട്ടികളെ വിടാന്‍ കഴിയാത്ത കുടുംബങ്ങള്‍ അംഗന്‍വാടികളിലേക്കാണ് അവരെ അയക്കുന്നത്. കരുതലും സ്‌നേഹവും അംഗന്‍വാടികളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നു. തലമുറയെ വാര്‍ത്തെടുക്കുന്ന അംഗന്‍വാടികള്‍ വലിയ സാമൂഹ്യപ്രതിബന്ധതയാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ അധ്യക്ഷനായിരുന്നു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ സി.കെ.രാഘവന്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു. 33115 അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കാണ് സര്‍ക്കാര്‍ ചിലവില്‍ രണ്ടു ജോഡി യൂണിഫോം വീതം നല്‍കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം