വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ധാരണാപത്രം ഒപ്പുവച്ചു

February 27, 2014 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സമഗ്രമായി നവീകരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വല്‍ക്കരണ പദ്ധതിയുടെ നടത്തിപ്പിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പും ലോകഭക്ഷ്യസംഘടനയുമായി ധാരണാപത്രം ഒപ്പുവച്ചു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അനൂപ് ജേക്കബ്ബിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി സുമന്‍ ബില്ലയും, വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഹെഡ് മൈക്കല്‍ ജന്‍സനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ജസ്റ്റിസ് വാധ്വാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമായി കേരളത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വല്‍ക്കരണ പദ്ധതിയില്‍ സാങ്കേതിക ഉപദേശം നല്‍കുക എന്നതാണ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡബ്‌ള്യൂ എഫ് പി നല്‍കുന്ന സേവനം. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വല്‍ക്കരണ പദ്ധതിയുടെ ഘടകങ്ങളായ ഗുണഭോക്താക്കളെ കണ്ടെത്തല്‍, സപളൈ ചെയിന്‍ മാനേജ്‌മെന്റ്, ന്യായവില കേന്ദ്രങ്ങളുടെ (റേഷന്‍ കടകള്‍) ആധുനീകരണവും ലാഭകരമാക്കലും, ഗുണഭോക്തൃ പരാതി പരിഹാര സംവിധാനം എന്നിവയില്‍ അതീവ പ്രാധാന്യമുള്ള റേഷന്‍ കടകളുടെ ആധുനീകരണവും ലാഭകരമാക്കലും എന്ന ഘടകത്തില്‍ സാങ്കേതിക ഉപദേശം, പ്രവൃത്തിപരിചയം, വിദഗ്ദ്ധരെ നല്‍കല്‍ തുടങ്ങിയ സഹായങ്ങള്‍ ഡബ്‌ള്യൂ എഫ് പി നല്‍കും. റേഷന്‍ കടകള്‍ ലാഭകരമാക്കുന്നതിന് ആവശ്യമായ വസ്തുതകളെക്കുറിച്ച് സര്‍വ്വേ, താഴേത്തട്ടിലുള്ള അന്വേഷണങ്ങള്‍ എന്നിവ നടത്തി സ്വതന്ത്രമായ വിലയിരുത്തലിലൂടെ സമഗ്രറിപ്പോര്‍ട്ട് ഉണ്ടാക്കി കേരളസര്‍ക്കാരിന് സമര്‍പ്പിക്കുകയാണ് ഡബ്‌ള്യൂ എഫ് പി ആദ്യം ചെയ്യുക. റേഷന്‍ കടകളുടെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ടും, റേഷന്‍ വ്യാപാരി സംഘടനകളുടെ അഭിപ്രായവും മറ്റു പ്രാദേശിക ഘടകങ്ങളും പരിഗണിച്ചാവും റിപ്പോര്‍ട്ടു തയ്യാറാക്കുക. കേരളത്തില്‍ നിലവിലുള്ള മിനിമം കൂലി, വിദ്യാഭ്യാസ നിലവാരം, ക്ലാസ് ഫോര്‍ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്താവും പഠനം നടത്തുക. റേഷന്‍ കടകളുടെ ലാഭകരമാക്കല്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ധാരണാപത്രത്തില്‍ മുഖ്യപ്രാധാന്യം നല്‍കിയിട്ടുള്ളത്. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി എ.പി.എല്‍. സംസ്ഥാന സബ്‌സിഡിക്കായി നടത്തുന്ന പ്രീ-പൈലറ്റ് പദ്ധതി തിരുവനന്തപുരം ജില്ലയിലെ 6 റേഷന്‍ കടകളില്‍ പുരോഗമിച്ചുവരുന്നു. ഇതിന്റെ ഭാഗമായി റേഷന്‍ കടകള്‍ പെയിന്റ് ചെയ്ത്, തറയോടുകള്‍പാകി, ഇലക്‌ട്രോണിക് വിതരണ യന്ത്രങ്ങള്‍ സ്ഥാപിച്ച് ആധുനീകരിച്ചിട്ടുണ്ട്. റേഷന്‍ സാധനങ്ങളുടെ വിതരണവും ബില്ലിങ്ങും ഇലക്‌ട്രോണിക് വില്‍പ്പന യന്ത്രങ്ങളിലൂടെയാണ് നടത്തുന്നത്. അടുത്ത ഘട്ടമായി സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ടമായ പൈലറ്റ് പദ്ധതി തിരുവനന്തപുരം ജില്ലയിലെ എല്ലാ സിറ്റി റേഷനിംഗ് ഓഫീസ്/താലൂക്ക് സപ്‌ളൈ ഓഫീസ് പരിധിയില്‍പ്പെട്ട രണ്ടുവീതം കടകളില്‍ ഉടന്‍ തന്നെ ആരംഭിക്കും.

സിവില്‍ സപ്‌ളൈസ് കമ്മീഷണര്‍ ശ്യം ജഗന്നാഥന്‍, സപ്‌ളൈകോ എം.ഡി. ലക്ഷ്മണ്‍ ഗുഗുല്ലോത്ത് , ഡബ്‌ള്യൂ എഫ് പി പ്രോഗ്രാം ഓഫീസര്‍ പ്രദ്‌ന്യാ പൈതാങ്കര്‍, ഡബ്‌ള്യൂ എഫ് പി പ്രോജക്ട് അഡ്വസൈര്‍ മുഹമ്മദ് സുള്‍ഫിക്കര്‍, ഡബ്‌ള്യൂ എഫ് പി അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ബാല്‍ പരിതോഷ് ഡാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം