പാലുത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടണം : മുഖ്യമന്ത്രി

February 26, 2014 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പാലുത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അമ്പലത്തറ ഡെയറി അങ്കണത്തില്‍ തിരുവനന്തപുരം ഡെയറി പ്രൊഡക്റ്റ്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തതയിലെത്തുകയെന്ന വലിയ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എതിര്‍പ്പുകളുണ്ടായിട്ടും പാല്‍ വില രണ്ടു തവണ വര്‍ധിപ്പിച്ചത് കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടി മാത്രമാണ്. കര്‍ഷകന്‍ വാങ്ങുന്ന എല്ലാ സാധനങ്ങള്‍ക്കും കൂടുതല്‍ വില കൊടുക്കണം. പാലുത്പാദനത്തിനും ചിലവു വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഷ്ടം സഹിച്ചും ക്ഷീര കര്‍ഷകന്‍ പാല്‍ വില്‍ക്കണമെന്നത് ന്യായീകരിക്കാനാവാത്തതാണ്. അത് യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനവുമല്ല. കര്‍ഷകന് ന്യായമായ വില ലഭിക്കണമെന്ന കാഴ്ചപ്പാടോടെയാണ് പാല്‍ വില വര്‍ധിപ്പിച്ചത്.കര്‍ഷകര്‍ക്ക് ഗുണകരമായ ഈ തീരുമാനം പാല്‍ ഉദ്പാദനം വര്‍ധിക്കാന്‍ കാരണമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ കര്‍ഷകര്‍ക്ക് എല്ലാ വിധ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാരും മില്‍മയും പ്രാദേശിക സംഘങ്ങളും കര്‍ഷകരും ചേര്‍ന്ന ഒരു കൂട്ടായ പരിശ്രമമുണ്ടായെങ്കില്‍ മാത്രമേ ക്ഷീരമേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

12-ാം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിനാവശ്യമായ പാല്‍ കേരളത്തില്‍ തന്നെ ഉദ്പാദിപ്പിക്കാനാകണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ക്ഷീര വികസന മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കേരളത്തില്‍ ക്ഷീര മേഖലയില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിലേക്ക് അന്യ സംസ്ഥാനത്തു നിന്നുള്ള പാല്‍ വരവില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു കൊല്ലത്തിനുള്ളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമാണിത്. ഉദ്പാദന ചിലവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കാലിത്തീറ്റ വില നിയന്ത്രണത്തില്‍ ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. സ്വകാര്യ സംരംഭകരാണ് കാലിത്തീറ്റ നിര്‍മാണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇതി കര്‍ഷകര്‍ക്ക് പാലുത്പാദനത്തിലുള്‍പ്പെടെ വലിയ വില നല്‍കേണ്ടുന്ന സാഹചര്യമുണ്ടാക്കിയിരിക്കുന്നു. ഇതു നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിച്ചും മില്‍മയും മൃഗസംരക്ഷണ വകുപ്പും വഴി കാലിത്തീറ്റ ഉദ്പാദനം വര്‍ധിപ്പിച്ചും നടപടികള്‍ സ്വീകരിക്കും. സംതൃപ്തരായ പാല്‍ ഉദ്പാദകരും മില്‍മ തൊഴിലാളികളുമാണ് സര്‍ക്കാര്‍ ലക്ഷ്യം. മില്‍മയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിന് രണ്ടാഴ്ചയ്ക്കുള്ളില്‍ യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏജന്റുമാര്‍ക്ക് പാലിന് പണമടയ്ക്കാനുള്ള ഐഎംപിസ് സംവിധാനത്തിന്റെ ഉദ്ഘാടനം കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ഡോ.ശശി തരൂര്‍ നിര്‍വഹിച്ചു. സൊസൈറ്റി നെറ്റ്‌വര്‍ക്കിംഗ് ഉദ്ഘാടനം സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറും എഫ്എംഡി ധനസഹായ വിതരണം മേയര്‍ കെ.ചന്ദ്രികയും നിര്‍വഹിച്ചു. ചോക്കോബാര്‍ വില്‍പന സി.ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടിആര്‍സിഎംപിയു ചെയര്‍മാന്‍ കല്ലട രമേശ്, മാനേജിംഗ് ഡയറക്ടര്‍ ബേബി ജോസഫ്, മില്‍മ ചെയര്‍മാന്‍ പി.റ്റി.ഗോപാലക്കുറുപ്പ്, മാനേജിംഗ് ഡയറക്ടര്‍ പി.കെ.പഥക്, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ജേക്കബ്ബ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ.റ്റി.സരോജിനി, ടിആര്‍സിഎംുിയു ഡയറക്ടര്‍ എസ്.അയ്യപ്പന്‍നായര്‍ മുതലായവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍