കനകക്കുന്നില്‍ ഗോത്രകലാമേള 20 മുതല്‍

March 1, 2014 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി ജനവിഭാഗത്തിന് ടൂറിസം വികസനത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരളടൂറിസം സംഘടിപ്പിക്കുന്ന ആദിതാളം എന്ന ഗോത്രകലാമേള മാര്‍ച്ച് 20 മുതല്‍ 23 വരെ കനകക്കുന്നില്‍ നടക്കും. കാസര്‍കോഡ് മുതലുളള വിവിധ ജില്ലകളില്‍ നിന്നും 250 ഓളം ഗോത്രകലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തവാദ്യമേളയാണ് ആദിതാളത്തിന്റെ പ്രധാന ആകര്‍ഷണം.

മാര്‍ച്ച് 20 ന് വൈകീട്ട് 6.30 ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രദര്‍ശനമേള പട്ടികവര്‍ഗ്ഗക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ശശിതരൂര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ., മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ സംബന്ധിക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വനവിഭവങ്ങളുടെയും വംശീയ ഉല്പന്നങ്ങളുടേയും പ്രദര്‍ശനവില്പനമേള, ആവിക്കുളി, കൊട്ടുവിദ്യ തുടങ്ങിയ പാരമ്പര്യചികിത്സാരീതികളും ഔഷധ വിപണനവും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. വംശീയ ഭക്ഷണങ്ങളുടെ രുചിഭേദങ്ങളും മേളയെ ആകര്‍ഷകമാക്കും. കേരള ടൂറിസത്തിനു വേണ്ടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ആദിതാളം സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍