ബാങ്കുകള്‍ക്ക് ഇരട്ടനീതിയോ ?

March 2, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial Slider-6-10-2013മകളുടെ നഴ്‌സിംഗ് പഠനത്തിന് വായ്പ എടുത്ത് തിരിച്ചടവ് കുടിശ്ശിഖ വരുത്തിയതിന്റെ പേരില്‍ 82 കാരനായ ഒരു പിതാവിന് ഒരാഴ്ചയോളം ജയിലില്‍ കഴിയേണ്ടി വന്നു. കേരളത്തിന്റെ ചരിത്രത്തിലെങ്ങും ഇതുപോലെ ദയാരഹിതവും അസാധാരണവുമായ ഒരു സംഭവം ഉണ്ടായിട്ടില്ല. സിപിഎം സഹയാത്രികനായതുകൊണ്ട് പാര്‍ട്ടി നേതൃത്വം ബാങ്കില്‍ പണം കെട്ടിവച്ചാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. ഒരു പാര്‍ട്ടിയില്‍ അംഗമായിരുന്നത് അദ്ദേഹത്തിന് ഇക്കാര്യത്തിലെങ്കിലും തുണയായി. ഇല്ലെങ്കില്‍ ഇപ്പോഴും ആ വന്ദ്യവയോധികന്‍ ജയിലില്‍ കഴിയേണ്ടി വരുമായിരുന്നു.

കണ്ണൂര്‍, നാദാപുരം വിലങ്ങാട് നാഗത്തിങ്കല്‍ ജോസഫിനാണ് ഈ ദുര്‍ഗതിയുണ്ടായത്. 2004 ല്‍ മകള്‍ക്ക് ബാംഗ്ലൂരില്‍ നഴ്‌സിംഗിന് ചേരാനാണ് 1.25 ലക്ഷം രൂപ ജോസഫ് എസ്ബിടിയില്‍ നിന്നു വായ്പ എടുത്തത്. 2007 -ല്‍ പഠനം പൂര്‍ത്തിയായെങ്കിലും മാസം 2000 രൂപ ശമ്പളത്തില്‍ ഒന്നര വര്‍ഷത്തോളം തിരുവനന്തപുരത്ത് ജോലിചെയ്യുകയായിരുന്നു. വിവാഹിതയായി ഇരട്ടകുട്ടികള്‍ പിറന്നതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. ഇതിനിടയില്‍ പലിശ ഉള്‍പ്പെടെ കുടിശിഖ മൂന്നു ലക്ഷത്തോളമാവുകയും ചെയ്തു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ മൂന്നു പ്രാവശ്യം നിവേദനവും നല്‍കി. മാത്രമല്ല ഇഎഫ്എല്‍ പിരിധിയില്‍ നിന്നു വീടുംസ്ഥലവും ഒഴിവാക്കികിട്ടാന്‍ ശ്രമിച്ചിരുന്നു. ഇതിലൂടെ മരങ്ങള്‍ വെട്ടിവിറ്റ് വായ്പ തിരിച്ചടയ്ക്കാമെന്നായിരുന്നു പ്രതീക്ഷ. ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും അതിനും ഫലമുണ്ടായില്ല. ഒടുവില്‍ ജോസഫിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു. തനിക്കുവേണ്ടി പിതാവ് ജയിലില്‍ പോയതിന്റെ മനോവ്യഥ എന്താണെന്ന് അതനുഭവിച്ച് മകള്‍ക്കു മാത്രമേ അറിയൂ.

ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ഭാരതത്തില്‍ ബാങ്കുകളില്‍ കിട്ടാക്കടമായുള്ളത്. ദശലക്ഷക്കണക്കിന് കോടി രൂപ പലഘട്ടങ്ങളായി എഴുതിത്തള്ളിയിട്ടുമുണ്ട്. കിട്ടാക്കടത്തില്‍ 95 ശതമാനത്തിലേറെയും എടുത്തിട്ടുള്ളത് വമ്പന്‍മാരാണ്. എന്നാല്‍ ഇത്രയും കാലത്തിനിടയില്‍ വായ്പയുടെ പേരില്‍ എത്രവമ്പന്‍മാരെ ജയിലില്‍ അടച്ചിട്ടുണ്ട് ? കാലാകാലങ്ങളില്‍ ആരുമറിയാതെ ആയിരക്കണക്കിനു കോടിരൂപ എഴുതിത്തള്ളാറാണ് പതിവ്. ഇതിലൂടെ രാജ്യത്തിന്റെ പൊതുമുതല്‍ വമ്പന്‍മാരുടെ കീശയ്ക്കുള്ളിലാവുകയാണ്. അതേസമയം പതിനായിരമോ ഒരുലക്ഷമോ വായ്പ എടുക്കുന്നവരെ കുടിശ്ശിഖയുടെ പേരില്‍ നിയമ നടപടികള്‍ക്കു വിധേയരാക്കി ജയിലില്‍ അടയ്ക്കാന്‍ ബാങ്ക് മേധാവികള്‍ക്ക് ഒരുമടിയുമില്ല. ഹൃദയശൂന്യമായ ഇത്തരം നടപടികള്‍ ബാങ്കുകള്‍ അവസാനിപ്പിക്കേണ്ടകാലമായി.

വിദ്യാഭ്യാസവായ്പ ലഭ്യമാക്കാത്തതിന്റെ പേരില്‍ കേരളത്തില്‍ ആത്മഹത്യകള്‍ വരെ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസവായ്പ അനുവദിക്കാതിരിക്കാനാണ് ബാങ്കുകള്‍ കൂടുതല്‍ ഉത്സാഹം കാട്ടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് വായ്പയ്‌ക്കെത്തുന്നത്. അവരോട് ഈടും മറ്റും ആവശ്യപ്പെട്ട് വായ്പ നിഷേധിക്കുന്ന നടപടി കേരളം കണ്ടതാണ്.

നിയമത്തിന്റെ പേരിലാണ് ജോസഫിനെ ജയിലില്‍ അടച്ചതെങ്കില്‍ ഇതുപോലെ വായ്പ കുടിശിഖ വരുത്തിയ വമ്പന്‍മാരുള്‍പ്പെടെ എത്രയോ പേര്‍ കേരളത്തിലുണ്ട്. അവര്‍ക്കെതിരെ എന്തു നടപടിയാണ് ബാങ്കുകള്‍ സ്വീകരിക്കുക ? കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായ്പ കുടിശിഖ വരുത്തിയ 100 പേരുടെയെങ്കിലും പേരുവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കുവാന്‍ ബാങ്കുകള്‍ തയാറാകണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍