പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കില്ല: ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍

March 3, 2014 ദേശീയം

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു. ഗുല്‍ബര്‍ഗ് ഡിവിഷന്‍ പാലക്കാടിനെ ബാധിക്കില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. കഞ്ചികോട് റെയില്‍വേ ഫാക്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സെന്‍ട്രല്‍ കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ റെയില്‍വേക്ക് കീഴില്‍ കൂടുതല്‍ വരുമാനമുള്ള രണ്ടാമത്തെ ഡിവിഷനാണ് പാലക്കാട് ഡിവിഷന്‍. 80 ലക്ഷം ടണ്‍ ചരക്കുനീക്കമാണ് ഈ ഡിവിഷനില്‍ നിലവിലുള്ളത്. റെയില്‍വേയില്‍ ഏറ്റവും മികച്ച ചെലവ്‌വരുമാന അനുപാതമുള്ള ഡിവിഷനുകളില്‍ ഒന്നുമാണ് പാലക്കാട്. നൂറുരൂപ വരുമാനത്തിന് 47 രൂപയാണ് ചെലവ്.

പുതിയ റെയില്‍വേ ബജറ്റില്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മൂന്ന് റെയില്‍വേ ഡിവിഷനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൊന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ ഗുല്‍ബര്‍ഗ് ഡിവിഷനിലായിരുന്നു. ഇത് പാലക്കാട് ഡിവിഷനെ ബാധിക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇതാണ് ബോര്‍ഡ് ചെയര്‍മാന്‍ തള്ളികളഞ്ഞത്. ഗുല്‍ബര്‍ഗ് ഡിവിഷനും പാലക്കാട് ഡിവഷനും തമ്മില്‍ വളരെയേറെ ദൂരവ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം