ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യം -വനം മന്ത്രി

March 3, 2014 കേരളം

തിരുവനന്തപുരം: ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലോകവന്യജീവി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വന്യജീവിസംരക്ഷണവും കാട്ടുതീയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനവും വഴുതക്കാട് വനശ്രീ ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് അതിപ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ചുള്ള പ്രാധാന്യം പരിസ്ഥിതിക്കും ജൈവ വൈവിധ്യങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തിനായി ഫലവത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കേരളവും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് വന്യ ജീവികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏഴായിരത്തോളം ആനകളും നൂറ് കടുവകളും ഉണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ സ്വാഭാവികമായും ചെറിയ പ്രശ്‌നങ്ങളും ഉണ്ടായിവരുന്നുണ്ട്. വനത്തിനകത്ത് വെള്ളം ദുര്‍ലഭമാകുമ്പോള്‍ വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് പ്രശ്‌നമാകുന്നു. ഇതോടൊപ്പം വന്യ ജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കരിമ്പുള്‍പ്പെടെയുള്ള കൃഷി സമ്പ്രദായം ആപത്തായി മാറിയിരിക്കുന്നു. ഇതിനുള്ള പരിഹാരമായി വന്യജീവികളുടെ ആവാസകേന്ദ്രം അവര്‍ക്കായി മാത്രം സംരക്ഷിക്കണം.

മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യ മൃഗങ്ങള്‍ കടക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കണം. വന്യ ജീവികള്‍ മൂലമുള്ള കൃഷി നാശത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ആവാസകേന്ദ്രങ്ങളുടെ സംരക്ഷണം പരമപ്രധാനമാകണം. സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ കണ്ടെത്തലുകളുടെ ചുവട്പിടിച്ച് നിയമത്തില്‍ ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ് സംരക്ഷിക്കുക എന്ന നിലയില്‍ മാറ്റങ്ങള്‍ വരുത്തണം. വനവും വെള്ളവും ഉള്‍പ്പെടെയെല്ലാം ചേരുന്നതാണ് ഹ്യൂമണ്‍ എന്‍വയേണ്‍മെന്റ്. ഇതില്‍ നിന്നും അകന്ന് ചിന്തിക്കുന്ന അവസ്ഥയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കവയിത്രി സുഗതകുമാരി അദ്ധ്യക്ഷയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.രാജരാജവര്‍മ്മ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം