കാരുണ്യം വറ്റുന്ന കേരളം

March 5, 2014 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial-pb01വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളില്‍ ഭാരതത്തിനു  മാതൃകയായ സംസ്ഥാനമാണ് കേരളം. ആരോഗ്യ രംഗത്ത് ഒരുകാലത്ത് ലോക നിലവാരവും പുലര്‍ത്തിയിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥ ശക്തമായി വേരോടിയിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആറോളം ദശകങ്ങളില്‍ സുദൃഢമായ കുടുംബങ്ങളും നിലനിന്നിരുന്നു. അവിടെ വാര്‍ദ്ധക്യമെന്നത് ഒരു പ്രശ്‌നമേ ആയിരുന്നില്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുകയറ്റവും അണുകുടുംബ വ്യവസ്ഥയും മൂല്യങ്ങളില്‍ സംഭവിച്ച ശോഷണവുമൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്നത് കാരുണ്യമില്ലാത്ത ഒരു കേരളത്തെയാണ്. മക്കളുണ്ടായിട്ടും അനാഥമായിപ്പോകുന്ന വൃദ്ധ മാതാപിതാക്കളുടെ രോദനം സാക്ഷരതയില്‍ അഭിമാനിക്കുന്ന കേരളത്തിന് അപമാനമെന്നു മാത്രമല്ല ധാര്‍മ്മികമായി ഏതറ്റംവരെ അധപതിക്കാമെന്നതിന്റെ ലക്ഷണംകൂടിയാണ്.

ഓരോ ദിവസവും മാധ്യമങ്ങളിലൂടെ വൃദ്ധരുടെ കരളലിയിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ ഈ സംഭവങ്ങള്‍ വാര്‍ത്തപോലുമല്ലാതായിത്തീരും. മക്കളുണ്ടായിട്ടും ഏകനായി ഉറുമ്പരിച്ച നിലയില്‍ ഒരു പിതാവിനെ സാമൂഹ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയത് ‘ഭാരതത്തിന് മാതൃക’ സൃഷ്ടിച്ച കേരളത്തിലാണ്. കാല്‍ വളരുന്നുവോ കൈ വളരുന്നുവോ എന്നു നോക്കി തലയിലും തറയിലും വയ്ക്കാതെ വളര്‍ത്തിയ മക്കളാണ് വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ചു പോകുന്നത്. തങ്ങളും നാളെ വാര്‍ദ്ധക്യത്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുമെന്നുപോലും ചിന്തിക്കാതെ യൗവനത്തിന്റെ ചോരത്തിളപ്പിലോ ജീവിതം പിടിച്ചടക്കാനുള്ള നെട്ടോട്ടത്തിലോ സ്വന്തം കര്‍മ്മങ്ങള്‍ മറന്നുപോവുകയാണ്. മാതാ-പിതാ-ഗുരു-ദൈവം എന്നാണ് ചിരന്തന സംസ്‌കൃതി നമ്മെ പഠിപ്പിച്ചത്. കൂട്ടുകുടുംബ വ്യവസ്ഥയുടെ നന്മകള്‍ പാശ്ചാത്യലോകം പോലും ഇന്ന് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ കെട്ടുറപ്പോടെ നില്‍ക്കാന്‍ ഏറ്റവും നല്ലത് കൂട്ടുകുടുംബമാണെന്നു ലോകം തിരിച്ചറിയുമ്പോള്‍ നാം ജന്മം നല്‍കിയ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്തവരായി മാറിക്കൊണ്ട് അണുകുടുംബങ്ങളുടെ ‘സ്വസ്ഥത’യിലേക്ക് വൃഥാ മാറുകയാണ്.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ വ്യക്തിക്കും ചെയ്തുതീര്‍ക്കാനുള്ള കര്‍മ്മങ്ങളാണ് ജീവിതത്തെ ധര്‍മ്മാനുഷ്ഠാനമാക്കി മാറ്റുന്നത്. ഭൗതികമായ നേട്ടങ്ങളുടെയോ പണത്തിന്റെയോ കണക്കുകൊണ്ട് നിര്‍വ്വചിക്കാനാവുന്നതല്ല മാതാപിതാക്കളോടും സ്വന്തം സമൂഹത്തോടും ചെയ്തുതീര്‍ക്കേണ്ട കടമകള്‍. ഇതു മറന്നുപോകുന്ന സമൂഹം നാശത്തിലേക്ക് കൂപ്പുകുത്തുമെന്നുറപ്പാണ്. പാശ്ചാത്യ സംസ്‌കാരങ്ങളൊക്കെ നശിച്ചുപോയത് ഭൗതികമായ നേട്ടങ്ങളുടെ പിന്നാലെയുള്ള പാച്ചിലിലും വ്യക്തിഗതമായ സുഖാനുഭവങ്ങളില്‍ മുഴുകാനുള്ള വ്യഗ്രതയിലുമാണ്. ഇതിന്റെ ദുരന്തം തിരിച്ചറിഞ്ഞവരാണ് പാശ്ചാത്യര്‍.

നമ്മുടെ കര്‍മ്മങ്ങള്‍ കണ്ടാണ് മക്കള്‍ നമ്മോടു ചെയ്യേണ്ട കടമകളെക്കുറിച്ച് പഠിക്കുന്നത്. സ്വന്തം കര്‍മ്മം നിറവേറ്റാതെപോകുന്ന മകനോ മകള്‍ക്കോ തങ്ങളുടെ മക്കളില്‍നിന്ന് നന്മ എങ്ങനെയാണ് പ്രതീക്ഷിക്കാന്‍ കഴിയുക. കാലം മാറുമ്പോഴും മാറാത്ത ചില മൂല്യങ്ങളുണ്ട്. ധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക എന്നതാണ് ഭാരതം നമ്മളെ പഠിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍