ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 10ന്

March 5, 2014 ദേശീയം

Electronic-voting-machineന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒന്‍പത് ഘട്ടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെയാണ് തിരഞ്ഞെടുപ്പ്. മെയ് പതിനാറിനാണ് വോട്ടെണ്ണല്‍. മെയ് 31നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. മാതൃകാ പെരുമാറ്റചട്ടം ഇന്ന് നിലവില്‍ വന്നു. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ സഭയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്താണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഏപ്രില്‍ പത്തിന് മൂന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വോട്ടെടുപ്പാണ് ഇത്തവണത്തേത്. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ 9ന് രണ്ടാം ഘട്ടവും ഏപ്രില്‍ 10ന് മൂന്നാം ഘട്ടവും ഏപ്രില്‍ 12ന് നാലാം ഘട്ടവും നടക്കും. ഏപ്രില്‍ 17നാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. ഏപ്രില്‍ 14ന് ആറാം ഘട്ടവും ഏപ്രില്‍ 30ന് ഏഴാം ഘട്ടവും, മെയ് 7ന് എട്ടാം ഘട്ടവും മെയ് 12ന് ഒമ്പതാം ഘട്ട വോട്ടെടുപ്പും നടക്കും. ലോക്‌സഭയിലേയ്ക്കുള്ള 543 സീറ്റുകള്‍ക്ക് പുറമെ ഒഡീഷ, ആന്ധ്ര, സിക്കിം സംസ്ഥാന നിയമസഭകളിലേയ്ക്കും രണ്ട് നിയമസഭാ സീറ്റുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും.

നിഷേധ വോട്ട് നിലവില്‍ വരുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ബീഹാറിലും ഉത്തര്‍പ്രദേശിലും ആറ് ഘട്ടങ്ങളിലായും ജമ്മു കശ്മീരിലും ബംഗാളിലും അഞ്ച് ഘട്ടങ്ങളിലുമായാണ് വോട്ടെടുപ്പ് നടക്കുക. ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും മൂന്ന് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്.

ഏപ്രില്‍ ഒമ്പതിന് ഒമ്പത് സംസ്ഥാനങ്ങളിലെ 7 സീറ്റുകളിലേക്കും ഏപ്രില്‍ 10ന് 14 സംസ്ഥാനങ്ങളിലെ 92 സീറ്റുകളിലേക്കും ഏപ്രില്‍ 12ന് മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് സീറ്റുകളിലേക്കും ഏപ്രില്‍ 17ന് 13 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 122 സീറ്റുകളിലേക്കും ഏപ്രില്‍ 24ന് 12 സംസ്ഥാനങ്ങളിലെ 117 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. ഏപ്രില്‍ 30ന് 9 സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മെയ് 7ന് 7 സംസ്ഥാനങ്ങളിലെ 64 സീറ്റുകളിലേക്കും മെയ് 12ന് 3 സംസ്ഥാനങ്ങളിലെ 41 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.

81.4 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 2009നേക്കാള്‍ പത്ത് കോടി വോട്ടര്‍മാരാണ് ഇക്കുറി കൂടുതലായുള്ളത്. 9,39000 പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ ഒരുക്കുന്നത്. മാര്‍ച്ച് 9ന് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ എല്ലാ ബൂത്തുകളിലും അവസരം ലഭിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇനിയും അപേക്ഷ നല്‍കാം.

ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പുകള്‍ ഈ തെരഞ്ഞെടുപ്പ് മുതല്‍ നടപ്പാക്കും. വോട്ടര്‍ സ്ലിപ്പുകള്‍ വീടുകളില്‍ വിതരണം ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്ലിപ്പിലുണ്ടാകും. 15-ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കും. മെയ് 31ന് അടുത്ത സര്‍ക്കാര്‍ നിലവില്‍ വരണം. ഈ തിയതികള്‍ മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതികള്‍ പ്രഖ്യാപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം