ഐപിഎല്‍ വാതുവയ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

March 5, 2014 ദേശീയം

ചെന്നൈ: ഐപിഎല്‍ വാതുവയ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കേസില്‍ തമിഴ്‌നാട് സിബിസിഐഡി പുനരന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടുന്നത്. അതേസമയം, ചോദ്യംചെയ്യാന്‍ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനും വിക്രം അഗര്‍വാളിനും തമിഴ്‌നാട് സിബിസിഐഡി സമന്‍സ് അയച്ചു.

ഐപിഎല്‍ വാതുവെയ്പ്പില്‍ വന്‍തോതില്‍ ഹവാല പണമിടപാട് നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഉടമയും ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍ ഐപിഎല്‍ ആറാം സീസണില്‍ നടത്തിയ എല്ലാ ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. കൂടാതെ മെയ്യപ്പനുമായി അടുത്ത ബന്ധമുള്ള ഹോട്ടലുടമ വിക്രം അഗര്‍വാളിന്റെ ഇടപാടുകളും പരിശോധനക്ക് വിധേയമാക്കും. ഇരുവരും യുഎഇ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ ചിലരുമായി ഹവാല പണമിടപാട് നടത്തിയതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

ഈ കാലയളവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഏതെങ്കിലും കളിക്കാര്‍ മെയ്യപ്പനുമായോ വിക്രം അഗര്‍വാളുമായോ പണമിടപാട് നടത്തിയിട്ടുണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തോടെ ഉത്തരമാകും. അതിനിടെ കേസില്‍ ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് മെയ്യപ്പനും വിക്രം അഗര്‍വാളിനും സിബിസിഐഡി സമന്‍സയച്ചു. ഇരുവരും വെള്ളിയാഴ്ച്ച അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം