കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാകുന്ന സാഹചര്യമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്- മുഖ്യമന്ത്രി

March 5, 2014 കേരളം

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭിക്കുന്ന സാഹചര്യമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വി.ജെ.റ്റി ഹാളില്‍ കര്‍ഷകര്‍ക്കുള്ള അഗ്രികാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയുടെ പ്രധാന ഘടകമാണ് വായ്പ. അത് യഥാസമയം പലിശ ഏറ്റവും കുറഞ്ഞ് ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. നബാര്‍ഡ് പലിശ താരതമ്യേന കുറവാണ്. അത് യഥാസമയം അടയ്ക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഇന്‍സന്റീവുകള്‍ മൂലം പലിശ രഹിതമായി മാറാറുണ്ട്. കേന്ദ്രം മൂന്ന് ശതമാനവും സംസ്ഥാനം നാല് ശതമാനവുമാണ് ഇന്‍സന്റീവുകള്‍ നല്‍കുന്നത്. ഇത് ഏകീകരിച്ച് നടപ്പാക്കിയാല്‍ കാര്‍ഷിക വായ്പ പലിശരഹിതമാക്കാന്‍ കഴിയും. കര്‍ഷകരുടെ അദ്ധ്വാനവും പ്രയത്‌നത്തിന്റെ ഫലവുമാണ് രാജ്യത്തിന്റെ സമ്പത്ത്. അതിനെ മാനിക്കണം. വായ്പയില്‍ കര്‍ഷകന് വേണ്ട സഹായം ലഭ്യമാക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതില്‍ കര്‍ഷകന് ഒരു പങ്കുമില്ലാത്ത അവസ്ഥയാണു ഇന്നുള്ളത്. മറ്റു പല ഘടകങ്ങളെയും ഏജന്‍സികളെയും ആശ്രയിച്ചിരിക്കുകയാണത്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നകാര്യത്തില്‍ ഉദാരസമീപനം ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള സംവിധാനങ്ങളിലൂടെ പലിശരഹിത വായ്പ നല്‍കാനാകും. ഇത് പ്രായോഗികതലത്തില്‍ എത്തിക്കാനും എല്ലാ കര്‍ഷകര്‍ക്കും ബാധകമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താനും കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം കാര്യക്ഷമതയോടെയും കൃത്യസമയത്തും ലഭ്യമാക്കാന്‍ കൃഷിവകുപ്പ് ഒരുക്കിയ സേവനപരിപാടിയാണ് അഗ്രി കാര്‍ഡ്. സമയബന്ധിതമായി സേവനം ലഭ്യമാക്കാന്‍ അഗ്രികാര്‍ഡ് പ്രയോജനകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടത്തട്ടുകാരെ ഒഴിവാക്കി ഗുണഫലങ്ങള്‍ നേരിട്ട് കര്‍ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന കൃഷി – മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. യഥാര്‍ത്ഥ കര്‍ഷകന്‍ രജിസ്റ്റര്‍ ചെയ്തവനായിരിക്കണം. കൃഷി എന്താണെന്ന് അറിയണം. ഇനിയും കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷവും കാര്‍ഡിനായി രജിസ്‌ട്രേഷന്‍ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് കൃഷി വകുപ്പ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഗ്രികാര്‍ഡുകള്‍ കര്‍ഷകന്റെ മാഗ്നകാര്‍ട്ടയാണെന്ന് കാര്‍ഡ് വിതരണം നടത്തിക്കൊണ്ട് ധനമന്ത്രി പറഞ്ഞു. നാല് ശതമാനം പലിശക്ക് കാര്‍ഷിക വായ്പയും ഏഴ് ശതമാനം പലിശയ്ക്ക് മധ്യ-ദീര്‍ഘകാല വായ്പയും നല്‍കും. ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ക്കെല്ലാം അഗ്രികാര്‍ഡു കാണിച്ചാല്‍ മതിയാകും. ബജറ്റിലെ ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമായിരുന്നു അഗ്രികാര്‍ഡെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. മധ്യ-ദീര്‍ഘകാല വായ്പ വിതരണം കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ., കൗണ്‍സിലര്‍ പാളയം രാജന്‍, കൃഷി സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പി.എസ്.റാവത്ത്, അനില്‍കുമാര്‍ ശര്‍മ്മ മുതലായവര്‍ പങ്കെടുത്തു. കര്‍ഷക ഡേറ്റാബേസില്‍ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് കൃഷിവകുപ്പും കാനറാബാങ്കും സഹകരിച്ച് അഗ്രികാര്‍ഡുകള്‍ വിതരണം ചെയ്തത്. കര്‍ഷകര്‍ക്കായുളള സര്‍ക്കാര്‍ പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങളും വായ്പകളും അര്‍ഹരായ കര്‍ഷകര്‍ക്ക് യഥാസമയം ലഭിക്കുന്നതിനും കൃത്യമായി തിരിച്ചടയ്ക്കുന്ന ഹൃസ്വകാലവിളവായ്പകള്‍ക്ക് ബാങ്കുകളില്‍ നിന്നും 4 ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്പ ലഭിക്കുന്നതിനും 7 ശതമാനം പലിശ നിരക്കില്‍ മദ്ധ്യകാല-ദീര്‍ഘകാല വായ്പകള്‍ ലഭിക്കുന്നതിനും അഗ്രികാര്‍ഡിലൂടെ സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം