ചെട്ടികുളങ്ങര കുംഭഭരണി: കെട്ടുകാഴ്ച ഭക്തിയുടെ നിറക്കാഴ്ചയായി

March 7, 2014 പ്രധാന വാര്‍ത്തകള്‍

chettikulangara bharani-pbകായംകുളം: ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച നടന്ന കെട്ടുകാഴ്ച ഭക്തിയുടെ നിറക്കാഴ്ചയായി. വൈകുന്നേരം നാലരയോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ ഓരോന്നായി ദേവീദര്‍ശനത്തിനുശേഷം സന്ധ്യയോടെ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കാനെത്തി. ഇതോടെ കരക്കാരുടെ കരവിരുതും ഓണാട്ടുകരയുടെ പൊലിമയും പ്രകടമായ കെട്ടുകാഴ്ചകളും  കുത്തിയോട്ടവും ചെട്ടികുളങ്ങര അമ്മയ്ക്കു തിരുനാള്‍ കാഴ്ചയായി.

രാവിലെ വഴിപാട് ഗൃഹങ്ങളില്‍ നിന്നും 14 കുത്തിയോട്ടങ്ങളും വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്രയായി ക്ഷേത്രസന്നിധിയിലെത്തി. കുത്തിയോട്ട ബാലന്മാരെ ദേവിക്കു ബലിനല്കുന്നുവെന്ന സങ്കല്പത്തില്‍ ബാലന്മാരുടെ ഇടുപ്പില്‍ സ്വര്‍ണനൂല്‍ കോര്‍ക്കുന്ന ചൂരല്‍മുറിയല്‍ ചടങ്ങു നടന്നു. തുടര്‍ന്ന് ചൂരല്‍മുറിഞ്ഞ ബാലന്മാര്‍ കുത്തിയോട്ടപ്പാട്ടിന്റെ താളത്തില്‍ നാലുപാദം ചുവടുചവിട്ടി കുത്തിയോട്ട സമര്‍പ്പണവും നടന്നു.

പിന്നീട് ബാലന്മാരുടെ ഇടുപ്പിലെ സ്വര്‍ണനൂല്‍ വേര്‍പെടുത്തി ദേവിക്ക് സമര്‍പ്പിച്ചു. ഉച്ചയോടെ കുത്തിയോട്ട ചടങ്ങുകള്‍ സമാപിച്ചു. പുലര്‍ച്ചെ കാഴ്ചക്കണ്ടത്തില്‍ അണിനിരന്ന കെട്ടുകാഴ്ചയ്ക്കുമുമ്പില്‍ ചെട്ടികുളങ്ങര അമ്മയുടെ എഴുന്നള്ളത്ത് നടക്കുന്നതോടെ ഈ വര്‍ഷത്തെ കുംഭഭരണി ഉത്സവത്തിന് സമാപനമാകും. കൂറ്റന്‍ കെട്ടുകാഴ്ചകളും കുത്തിയോട്ടവും കണ്ടു സായൂജ്യമടയാനായി പതിനായിരങ്ങളാണ് ഇന്നലെ ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍