ഇന്ത്യയും റഷ്യയും 11 കരാറുകളില്‍ ഒപ്പുവെച്ചു

December 21, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്‌ ഊന്നല്‍ നല്‍കി ഇന്ത്യയും റഷ്യയും 11 കരാറുകളില്‍ ഒപ്പുവെച്ചു. ആണവസഹകരണം, ശാസ്‌ത്രം, വാണിജ്യബന്ധം എന്നിവ ഊട്ടിയുറപ്പിക്കുന്ന കരാറുകളാണ്‌ ഒപ്പിട്ടത്‌. റഷ്യന്‍പ്രസിഡന്‍റ്‌ ദിമിത്രി മെദ്‌വദേവിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും സാന്നിധ്യത്തിലാണ്‌ കരാറുകളില്‍ ഒപ്പിട്ടത്‌.
വ്യാപാരവ്യാപ്‌തി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളറാക്കി (ഒമ്പത്‌ ലക്ഷം കോടിരൂപ) വര്‍ധിപ്പിക്കാനാണ്‌ ഇപ്പോള്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്‌. രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി, വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ, പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരെ സന്ദര്‍ശിച്ചശേഷം ബുധനാഴ്‌ച ആഗ്ര, മുംബൈ സന്ദര്‍ശനത്തിനായി മെദ്‌വദേവ്‌ യാത്രതിരിക്കും. ബോളിവുഡ്‌ ഫിലിംസിറ്റിയും അദ്ദേഹം സന്ദര്‍ശിക്കും.
തമിഴ്‌നാട്ടിലെ കൂടംകുളത്ത്‌ റഷ്യ നിര്‍മിക്കുന്ന ആണവ റിയാക്ടറുകളുടെ തുടര്‍ച്ചയായി രണ്ട്‌ റിയാക്ടറുകള്‍കൂടി നിര്‍മിക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പിടും. മൂന്നും നാലും റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള പ്രത്യേക കരാറുകളായിരിക്കും ഇവ.
എന്നാല്‍ അത്യന്താധുനികമായ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുള്ള 30,000 കോടി ഡോളറിന്റെ കരാറിന്‌ അന്തിമരൂപമാകാത്തതിനാല്‍ ഒപ്പിട്ടില്ല. ഹൈഡ്രോകാര്‍ബണ്‍ കൈമാറ്റം സംബന്ധിച്ച്‌ സ്ഥിരം സംവിധാനം ഉണ്ടാക്കുന്നതിനുള്ള കരാറും മെദ്‌വദേവുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഒപ്പിട്ടു.
ഇന്ത്യ ഹൈഡ്രോകാര്‍ബണിന്റെ ഏറ്റവും വലിയ ഉപഭോക്താവും റഷ്യ ഇതിന്റെ ഏറ്റവും വലിയ ഉത്‌പാദകരുമാണ്‌ എന്നതിനാല്‍ ഇതിന്റെ കൈമാറ്റം സംബന്ധിച്ച സ്ഥിരം സംവിധാനം ഉണ്ടാക്കും. പരമ്പരാഗത സൗഹൃദരാജ്യങ്ങളാണെങ്കിലും വ്യാപാരബന്ധം പുരോഗമിക്കാത്തതിലുള്ള ഉത്‌കണ്‌ഠ ഇരുരാജ്യങ്ങള്‍ക്കുമുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം