ഗുരുവായൂര്‍ ആനയോട്ടം 12ന് : 27 ആനകള്‍ പങ്കെടുക്കും

March 8, 2014 കേരളം

ഗുരുവായൂര്‍: ഇക്കുറി ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഇരുപത്തിയേഴ് ആനകള്‍ പങ്കെടുക്കും. മാര്‍ച്ച് 12ന് ഉച്ചയ്ക്ക് മൂന്നിനാണ് ആനയോട്ടം. കേശവന്‍കുട്ടി, നന്ദിനി, രാമന്‍കുട്ടി, അച്യുതന്‍,  രവികൃഷ്ണ, കണ്ണന്‍, ദേവദാസ്, ജൂനിയര്‍ വിഷ്ണു, ഗോപീകൃഷ്ണന്‍, ജൂനിയര്‍ മാധവന്‍ എന്നീ പത്ത് ആനകളെയാണ് മുന്നില്‍ ഓടാനായി തിരഞ്ഞെടുത്തത്.  ഇതില്‍നിന്ന് നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെയായിരിക്കും മുന്നില്‍ ഓടുന്നതിനുള്ള ഭാഗ്യം ലഭിക്കുക.

സത്രം ഗേറ്റ്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലായി അഞ്ച് പാപ്പാന്മാര്‍ വീതമുള്ള 3 സംഘങ്ങളെ ഇക്കുറി നിയമിക്കും. ആനയോട്ടത്തിനിടയില്‍ ആനകള്‍ ഇടയുകയോ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്താല്‍ തളയ്ക്കുന്നതിനായാണ് വിദഗ്ദ്ധരായ പാപ്പാന്‍മാര്‍ ഉള്‍പ്പെടുന്ന ദ്രുതകര്‍മ്മസേനയെ നിയമിക്കുന്നത്.

മാര്‍ച്ച് 12ന് രാവിലെ പത്തിന് ആനകളെ തിരുത്തിക്കാട്ടുപറമ്പില്‍ എത്തിക്കുന്ന ആനകളെ കുളിപ്പിച്ച് വൃത്തിയാക്കി, ആവശ്യത്തിന് വെള്ളം നല്‍കി ഉച്ചയ്ക്ക് കിഴക്കേ നടയിലെ ടൗണ്‍ഹാളിനുമുന്നിലേക്ക് കൊണ്ടുവരും. അവിടെവച്ച് ആനകളെയും ആനക്കാരെയും വിദഗ്ദ്ധസംഘം പരിശോധിക്കും. രണ്ടരയോടെ ആനകളെ മഞ്ജുളാലിനു മുന്നില്‍  എത്തിക്കും. ക്ഷേത്രം നാഴികമണി മൂന്നടിച്ചാല്‍ ആനകളെ അണിയിക്കാനുള്ള കുടമണികളുമായി പാപ്പാന്മാര്‍ ഓടും. മണികള്‍ അണിയിച്ച്, ഗുരുവായൂരപ്പന്റെ ചന്ദനം ചാര്‍ത്തിച്ചശേഷം മാരാര്‍ ശംഖു വിളിക്കുന്നതോടെ ആനയോട്ടം തുടങ്ങും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം