രസവാദം – സഹസ്രകിരണന്‍

March 13, 2014 സനാതനം

ഡോ.എം.പി.ബാലകൃഷ്ണന്‍

‘ഗുരു ആരാണ്? പരമജ്ഞാനം നേടിയ ആള്‍; ശിഷ്യരുടെ നന്മയ്ക്കുവേണ്ടി സദാ യത്‌നിക്കുന്ന ആള്‍.’ ജഗദ്ഗുരു ശങ്കര ഭഗവല്‍പാദരുടെ വാക്കുകളാണിവ. വിദ്യാധിരാജനും സ്വശിഷ്യന്റെ വളര്‍ച്ചയില്‍ സദാ ശ്രദ്ധാലുവായിരുന്നു. അതിനാല്‍ യോഗവിദ്യയില്‍ അല്പകാലമാണെങ്കിലും തന്റെ ഗുരുവായിരുന്ന തൈക്കാട്ടയ്യാവിന്റെയടുക്കല്‍ സ്വാമികള്‍ ശ്രീനാരായണനെയും കൊണ്ടുപോയി. പക്ഷേ അവിടെ അധികകാലം അവര്‍ക്കു തുടരാനായില്ല. അതിനൊരു കാരണമുണ്ടായി.

ചില പച്ചില മരുന്നുകള്‍ പ്രയോഗിച്ച് ചെമ്പിനെ സ്വര്‍ണ്ണമാക്കാം എന്നു വിശ്വസിക്കുന്നവരുണ്ട്. രസവാദം എന്നാണ് ആ വിദ്യയ്ക്ക് പേര്‍. ഇത് ഒരിക്കലും നടക്കുന്ന കാര്യമല്ലെന്നതാണ് സത്യം. പക്ഷേ തയ്ക്കാട്ടയ്യാവ് അതില്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ചട്ടമ്പിസ്വാമിയും ശ്രീനാരായണനും അവിടെ ചെല്ലുമ്പോഴെല്ലാം ഈ ആവശ്യത്തിനായി മഹാദാനപുരത്തു ചെന്ന് കറുത്തപൂവുള്ള കയ്യോന്നി മുതലായ പച്ചിലകള്‍ ശേഖരിച്ചുകൊണ്ടുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ രണ്ടുപേരുംകൂടി ആലോചിച്ച് ചട്ടമ്പിസ്വാമികള്‍ തങ്ങിയിരുന്ന കല്ലുവീട്ടില്‍ നിന്നും ഒരു പവന്‍ ചോദിച്ചുവാങ്ങി. പിറ്റേന്ന് അതുംകൊണ്ട് അയ്യാസ്വാമിയെക്കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം വീണ്ടും പഴയ പാട്ടു തുടങ്ങി. ‘ ആ മരുന്ന് എന്തിനാണു സ്വാമീ? സ്വര്‍ണ്ണമുണ്ടാക്കാനല്ലേ?’ ചട്ടമ്പിസ്വാമി ചോദിച്ചു. ‘അതേ’. എന്നദ്ദേഹം പറഞ്ഞപ്പോള്‍ അതിന് ഈ ബുദ്ധിമുട്ടൊന്നും വേണ്ടെന്നും സ്വര്‍ണ്ണം തന്നെ തന്നേക്കാമെന്നും പറഞ്ഞുകൊണ്ടു ചട്ടമ്പിസ്വാമികള്‍ സ്വര്‍ണ്ണം അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചു. അപ്പോള്‍ത്തന്നെ ഇരുവരും അവിടം വിട്ടിറങ്ങുകയും ചെയ്തു.

സാധാരണക്കാരായ ലൗകികരെ ഏറ്റവും ആകര്‍ഷിക്കുന്ന വസ്തുവാണ് സ്വര്‍ണ്ണം. പക്ഷേ ജ്ഞാനികളായ സന്ന്യാസിമാരെ അതാകര്‍ഷിക്കില്ല. അതുകൊണ്ട് അവരെ ‘സമലോഷ്ടാംശ്മകാഞ്ചനന്മാ’രെന്നു പറയും. മണ്‍കട്ടയും കല്ലും സ്വര്‍ണ്ണക്കട്ടയും ഒരുപോലെ കാണുന്നവര്‍ എന്നര്‍ത്ഥം. ആ നിലയില്‍ അന്നുതന്നെ ഉയര്‍ന്നു കഴിഞ്ഞവരായിരുന്നു ഈ ഗുരുശിഷ്യന്മാര്‍ എന്നാണല്ലോ പ്രസ്തുത സംഭവം കാണിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം