ഗുരുവായൂര്‍ ആനയോട്ടം: 11-ാമതും രാമന്‍കുട്ടി ജേതാവായി

March 13, 2014 ക്ഷേത്രവിശേഷങ്ങള്‍

Ramankutty-gvr-pbഗുരുവായൂര്‍: ക്ഷേത്രോത്സവത്തിനു തുടക്കം കുറിച്ച് ഇന്നലെ നടന്ന ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി ഒന്നാം സ്ഥാനത്തെത്തി. അച്യുതന്‍ രണ്ടാമതും പിടിയാന നന്ദിനി മൂന്നാമതുമെത്തി.

ഇതു പതിനൊന്നാംതവണയാണ് രാമന്‍കുട്ടി വിജയം നേടുന്നത്. തെരഞ്ഞെടുത്ത പത്താനകളില്‍നിന്നു നറുക്കിട്ടെടുത്ത അഞ്ചാനകളെയാണ് ആനയോട്ടത്തിനു മുന്നില്‍ നിര്‍ത്തിയിരുന്നത്. രാമന്‍കുട്ടി, അച്യുതന്‍, ഗോപീകൃഷ്ണന്‍, നന്ദന്‍, നന്ദിനി എന്നിവയായിരുന്നു മുന്നില്‍.

ഉച്ചയ്ക്കു മൂന്നിനു നാഴികമണിയടിച്ചതോടെ അവകാശികളായ കണ്ടിയൂര്‍പട്ടത്ത് നമ്പീശന്‍ മാധവേമ്പാട്ട് നമ്പ്യാര്‍ക്കു കുടമണികള്‍ കൈമാറിയതോടെയാണ് ചടങ്ങ് തുടങ്ങിയത്. കുടമണികളുമായി പാപ്പാന്‍മാര്‍ മഞ്ജുളാല്‍ പരിസരത്തേക്കോടി. ഓടാന്‍ തയാറായി നിന്നിരുന്ന ആനകളെ കുടമണികള്‍ അണിയിച്ചു. തുടര്‍ന്നു ക്ഷേത്രം അടിയന്തിരക്കാരന്‍ കൃഷ്ണകുമാര്‍ മാരാര്‍ ശംഖു വിളിച്ചതോടെ ആനകള്‍ ഓട്ടം തുടങ്ങി. ഓട്ടത്തിന്റ തുടക്കം മുതല്‍തന്നെ രാമന്‍കുട്ടിയായിരുന്നു മുന്നില്‍. ആര്‍പ്പുവിളികളോടെ കാണികള്‍ രാമന്‍കുട്ടിയെ പ്രോത്സാഹിപ്പിച്ചു. ഇതോടെ രാമന്‍കുട്ടിയുടെ ഓട്ടത്തിനു വേഗം കൂടി.

ക്ഷേത്രഗോപുരവാതില്‍ കടന്നതോടെ രാമന്‍കുട്ടി ചരിത്രവിജയം കുറിച്ചു. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച മൂന്നാനകളും ആചാരപ്രകാരമുള്ള ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി ഗുരുവായൂരപ്പനെ വണങ്ങിയാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. വിജയിയായ രാമന്‍കുട്ടിയെ നിറപറവച്ച് പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്വീകരിച്ചു.

പി.രാധാകൃഷ്ണനും കെ.സി. സുബ്രഹ്മണ്യനും എം.കെ.മോഹനനുമാണ് രാമന്‍കുട്ടിയുടെ പാപ്പാന്മാര്‍. ആനയോട്ട സമയത്ത് ഇന്ദ്രസെന്നിന്റെ പാപ്പാന്‍ പി.സി.മണികണ്ഠനാണ് മുകളിലിരുന്ന് ആനയെ നിയന്ത്രിച്ചിരുന്നത്.

അറുപത്തിമൂന്നു വയസുള്ള രാമന്‍കുട്ടിയെ 1956ല്‍ പൂത്തില്ലത്ത് രാമന്‍നമ്പൂതിരിയാണ് ഗുരുവായൂരപ്പനു മുമ്പില്‍ നടയിരുത്തിയത്. ഉത്സവചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പിനു രാമന്‍കുട്ടിയാണ് ഭഗവാന്റെ തങ്കത്തിടമ്പേറ്റുക.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 59 ആനകളില്‍ 26 ആനകള്‍ ഓട്ടത്തില്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ ആനകള്‍ക്കും ക്ഷേത്രത്തിനുപുറത്ത് തെക്കേനടയില്‍ ഊട്ട് നല്‍കി.

വിദേശികളടക്കം വന്‍ജനാവലി ആനയോട്ടം കാണാന്‍ ഗുരുവായൂരിലെത്തിയിരുന്നു. കിഴക്കേനടയിലെ കെട്ടിടങ്ങള്‍ക്കു മുകളില്‍ ജനങ്ങള്‍ നേരത്തേ സ്ഥാനംപിടിച്ചിരുന്നു. റോഡിനിരുവശങ്ങളിലും ബാരിക്കേഡുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിച്ചു.

ഗുരുവായൂര്‍ എസിപി ജയചന്ദ്രന്‍, സിഐ കെ.സുദര്‍ശന്‍, എസ്‌ഐ എം.ശശീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷാസംവിധാനങ്ങളൊരുക്കി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ കെ.ശിവശങ്കരന്‍, എന്‍. രാജു, അഡ്വ.എ.സുരേശന്‍, അഡ്വ.എം.ജനാര്‍ദനന്‍, അനില്‍ തറനിലം, അഡ്മിനിസ്‌ട്രേറ്റര്‍ കെ.മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍