കോലാസുരവധം – (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

April 12, 2014 സനാതനം

ചെങ്കല്‍ സുധാകരന്‍
കോലാസുരവധം
ശ്രീകൃഷ്ണന്‍ ഗോപീഗോപാലന്മാര്‍ക്കും മാതാപിതാക്കള്‍ക്കും ദര്‍ശനം നല്‍കി. അവര്‍ക്ക് ദുഃഖശാന്തി വരുത്തി. അനന്തരം മഥുരയിലേക്കുപോയി. ബഹുലാശ്വമഹാരാജാവ് ശേഷ കഥകളറിയുവാന്‍ താല്പര്യപ്പെട്ടു. മഥുരാപുതിയിലെത്തിയ രാമകൃഷ്ണന്മാരുടെ ദിവ്യചരിതം അറിയിക്കണമെന്ന് അദ്ദേഹം നാരദനോടഭ്യര്‍ത്ഥിച്ചു. ആ കഥകള്‍ ധര്‍മ്മാത്ഥകാമമോക്ഷ പ്രദങ്ങളാണെന്നും അതു കേള്‍പ്പിച്ചുതന്നെ, പുണ്യവാനാകണമെന്നും അഭ്യര്‍ത്ഥിച്ചു!

ശ്രീകൃഷ്ണ ഭക്തനായ ബഹുലാശ്വനോട് നാരദന്‍ പറയാന്‍ തുടങ്ങി:-

‘അസ്യ ചരിത്രം ശ്രുണുത
ശ്രീകൃഷ്ണ ബല ദേവയോഃ’

GargaBS(ശ്രീകൃഷ്ണ ബലദേവന്മാരുടെ കഥകള്‍ കേട്ടാലും) അവ ചതുര്‍വര്‍ഗ്ഗഫലപ്രദായകങ്ങളാണ്. ഒരിക്കല്‍ കൗശാരവി പുരവാസികള്‍ കോലാസുരനാല്‍ പീഡിതരായി. കോലന്‍ കംസ സഖാവും അധികബലവാനും നീചകര്‍മ്മാസക്തനുമായിരുന്നു. അയാളുടെ ഉപദ്രവത്താല്‍ കൗശാരവീ പുരവാസികള്‍ വലഞ്ഞു. രാജാവ് കോലനാല്‍ തോല്പിക്കപ്പെട്ടു. രാജ്യം കൈയടങ്ങിയ അസുരേന്ദ്രന്‍ സ്വേച്ഛാചാരിയായി മദം പൂണ്ടു ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്തു. ഉപദ്രവം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങള്‍ കുറേ ബ്രാഹ്മണരുമൊത്ത് മഥുരയിലെത്തി. ബലഭദ്രനെക്കണ്ട് തങ്ങളനുഭവിക്കുന്ന കഷ്ടതകള്‍ അറിയിച്ചു. ഘോരദൈത്യന്റെ പീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചു.

പുരവാസികള്‍ ബലരാമനോട് പറഞ്ഞു:- ‘ഹേ, ബലദേവാ, ഞങ്ങള്‍ അസഹനരായിരിക്കുന്നു. കോലാസുരന്‍ രാജാവിനെ തോല്പിച്ചു. അദ്ദേഹം കംസസഖാവായ കോലനെ ഭയന്ന് ഗംഗാതീരം പ്രാപിച്ചിരിക്കുന്നു. അവിടെ രൂപം ചെയ്ത് അങ്ങയെ ധ്യാനിച്ചും കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ആര്‍ത്തരും ആലംബഹീനരുമായിരുന്നു. അങ്ങ് രാജാവിനെ രക്ഷിച്ചാലും. പുത്രനിര്‍വ്വിശേഷം സ്‌നേഹിച്ച് സഹായം ചെയ്താലും. ത്രൈലോക്യവിജയിയായ അസുരനെ നേരിടാന്‍ സാമാന്യര്‍ക്കൊന്നും സാദ്ധ്യമല്ല. രാമാ, അങ്ങും ശ്രീകൃഷ്ണഭഗവാനുമായി കംസനെ കൊന്നുകഴിഞ്ഞു. പക്ഷേ, അയാളുടെ കൂട്ടുകാരനായ കോലന്‍ ജീവിച്ചിരിക്കുന്നു.
‘കോലോ ജീവതി ദേവേന്ദ്ര
കംസോപി ന കൃതഃ സ്മൃതഃ’
(കോലന്‍ ജീവിച്ചിരിക്കുമ്പോള്‍ കംസന്‍ മരിച്ചിട്ടില്ലെന്നറിയുക:) അവിടുന്ന്, ഭക്തരക്ഷണത്തിനായാണല്ലോ അവതരിച്ചിരിക്കുന്നത്.

പ്രജകളുടെ ആവശ്യം ബലന്‍ മനസ്സിലാക്കി. അദ്ദേഹം ഗംഗാ യമുനാ മദ്ധ്യസ്ഥമായ കൗശാംബീനഗരത്തിലെത്തി. രാമന്‍, യുദ്ധ്യോദ്യതനായി എത്തിയ വിവരം കോലാസുരനറിഞ്ഞു. അവന്‍ പത്തക്ഷൗഹിണിസേനയുമായി ബലഭദ്രനെ നേരിടാന്‍ പുറപ്പെട്ടു. ആ സൈന്യം –

‘ചഞ്ചലാശ്ച തരംഗാഢ്യം
രഥേഭാഗ്ച തിമിംഗലാം
നദീമിവാഗതാം സേനാം
പ്രളയാര്‍ണ്ണവ നാദിനാം’

(ഇളകി മറിയുന്ന കുതിരകളാകുന്ന തരംഗമാര്‍ന്നതും രഥം, ആന മുതലായ തിമിംഗലങ്ങളോടുകൂടിയ നദിപോലെ ഒഴുകിയെത്തിയതുമായ സൈന്യം, പ്രളയ സമുദ്രംപോലെ ഇരമ്പുന്നതായിരുന്നു.) അവന്‍ നദീപ്രവാഹത്തെ, ബലദേവന്‍, തന്റെ ഹലായുധമാകുന്ന സേതുകൊണ്ട് ചെറുത്തു. മുസലം കൊണ്ടടിച്ചു ചതച്ചു. അടിയേറ്റ് നൂറുകണക്കിന് ആനകളും കോടിക്കണക്കിന് സേനാംഗങ്ങളും നിലംപതിച്ചു.ശേഷിച്ചവര്‍ യുദ്ധമുഖത്തില്‍നിന്ന് ഓടിയകന്നു. കോലന്‍ ഒറ്റയ്ക്ക് ബലനോടെതിര്‍ത്തു.
അസുരേന്ദ്രന്‍ ഒരു വലിയ ആനപ്പുറത്തേറി. സ്വര്‍ണ്ണച്ചങ്ങളയിട്ടതും മദജലം സ്രവിക്കുന്നതും മേഘം പോലെ ഗര്‍ജ്ജിക്കുന്നതുമായ, ദിഗ്ഗജങ്ങള്‍ക്കു തുല്യമായ, ഒരാന! നാലു കൊമ്പുകളോടുകൂടിയതുമായ ഒരാനപ്പുറത്ത്.! മത്തഗജത്തിലേറിയ കോലാസുരന്‍ ‘സ്വഗജം നോദയാമാസ / ബലദേവായ ദൈത്യരാട്.’ (ആനയെ ബലഭദ്രരാമനു നേരേ പ്രേരിപ്പിച്ചു.) അതുകണ്ട ബലരാമന്‍ കോപ കലുഷിതനായി, ഇന്ദ്രന്‍ വജ്രായുധം കൊണ്ടെന്നപോലെ, ഒരു മുസലംകൊണ്ട് ആനയെ അടിച്ചു. ആ താഡനത്താല്‍ ഗജവീരന്റെ തല തകര്‍ന്നുവീണുപോയി. ആനയോടൊത്തു നിലമ്പതിച്ച കുതിരയുടെ മുഖാകൃതിയുള്ളവനുമായ കോലാസുരന്‍ ഒരു നിശിതമായ ശൂലം ബലദേവനുനേരേ എറിഞ്ഞു.

‘മുസലേന തദാ രാമ
തത്ശൂലം ശതഥാഛിനത്
കാചപാത്രം യഥാ ബാലോ
ദണ്ഡേന ച വിദേഹരാട്.’

(അല്ലയോ വിദേഹരാജാവേ, അസുരേന്ദ്രന്‍ അയച്ച ശൂലത്തെ ബലരാമന്‍ – കുട്ടി പളുങ്കുപാത്രം ഉടയ്ക്കുന്നതുപോലെ നൂറു നൂറായി ചിതറുംവിധം, മുസലം കൊണ്ടടിച്ചുപൊടിച്ചു.) ഉത്തരക്ഷണത്തില്‍ ആ അസുരന്‍ ആയിരംഭാരം കനമുള്ള ഒരു ഗദകൊണ്ട് ബലരാമന്റെ മാറത്തടിച്ചു. രാമന്‍ കരുതലോടെ ആ അടി തടുക്കുകയും ചെയ്തു. ആ അടിയേറ്റ് അവന്‍ വീണു. ഉടനെഴുന്നേറ്റ് ബലഭദ്രനെ മുഷ്ടികൊണ്ടടിച്ചു. എന്നിട്ടു അവിടെത്തന്നെ മറയുകയും ചെയ്തു. ആസുരമായയാല്‍ ആന്തര്‍ദ്ധാനം ചെയ്ത കോലനെ കണ്ടുപിടിക്കാന്‍ പ്രയാസമായി. മായയാലവിര്‍ഭവിച്ച സ്ഥൂലമേഘങ്ങളാല്‍ ആകാശം നിറഞ്ഞു. എങ്ങും അന്ധകാരം വ്യാപിച്ചു. ആകാശത്തുനിന്നും ചെമ്പരത്തിപ്പൂ കണക്കേ രക്തത്തുള്ളികള്‍ വര്‍ഷിക്കപ്പെട്ടു. ചലവും മേദസ്സും കോലാസുരന്റെ മായാ പ്രയോഗം ബലരാമന് മനസ്സിലായി. അദ്ദേഹം ഒരു മുഴുത്ത മുസലം അസുരന്റെ നേര്‍ക്കെറിഞ്ഞു. സര്‍വ്വശസ്ത്രഘാതിനിയായ ആ മുസലം പ്രളയാഗ്നിപോലെ ശോഭിച്ചു. അത് ദിക്കുകളെയെല്ലാം പ്രഭാമയമാക്കി. സൂര്യോദയത്തില്‍ മഞ്ഞുരുകുംപോലെ അന്ധകാരം അകന്നു. ദിക്കുകള്‍ തെളിഞ്ഞു. മായ നശിച്ചതു കണ്ട് അസുരന്‍ അമ്പരന്നുപോയി. സ്തബദ്ധനായി നിന്ന കോലന്റെ കൈകളില്‍ തന്റെ ബലിഷ്ഠമായ കൈകള്‍ കൊണ്ടുപിടിച്ച് ബലരാമന്‍ ബലമായി വലിച്ചു. അവനെ നിഷ്പ്രയാസം ആകാശത്തില്‍ ചുഴറ്റി. കുട്ടി മണ്‍കുടമെറിയുന്നതുപോലെ അവനെ ശക്തിയായി നിലത്തടിച്ചു. അസുരന്റെ വീഴ്ചകൊണ്ട് ഭൂമി വിറച്ചു. സമുദ്രമിളകി മറിഞ്ഞു. പല്ലുകളിളകിയുടഞ്ഞ് കണ്ണുകള്‍ തുറിച്ച് വീണ കോലന്‍, പ്രാണന്‍ വെടിഞ്ഞു. അപ്പോള്‍ ആകാശത്തിലും ഭൂമിയിലും ഒരേസ്വരത്തില്‍ ജയജയഘോഷം മുഴങ്ങി. ദേവകള്‍ ദുന്ദുഭീഘോഷം ചെയ്തു. പുഷ്പവൃഷ്ടിയുമാരംഭിച്ചു. കോലനെ വധിച്ച ബലരാമന്‍ നിഷ്‌ക്കണ്ടകമായ കൗശാംബീ നഗരത്തെ കൗശാരവിക്കു നല്‍കി. തുടര്‍ന്ന് പാപപരിഹാരാര്‍ത്ഥം ഗര്‍ഗ്ഗാചാര്യരും ശിഷ്യരുമൊത്ത്, ഗംഗാസ്‌നാനത്തിനുപോയി. ആചാര്യരും കൂട്ടരും ചേര്‍ന്ന് വേദമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ബലദേവനെ, ഗംഗാസ്‌നാനം ചെയ്യിച്ചു!

കോലാസുരനാല്‍ കൗശാരവീപുരവാസികള്‍ക്കുണ്ടായ ഉപദ്രവം, ബലരാമന്‍, പരിഹരിക്കുന്നതാണ് ഈ കഥയിലെ പ്രമേയം. കൗശാരവി എന്ന രാജാവും പുരവാസികളും നീചനായ കോലനാല്‍പീഡിപ്പിക്കപ്പെട്ടു. കായബലംകൊണ്ടും സേനാബലം കൊണ്ടും ശക്തനായ ആ അസുരനെ രാജാവിനും പ്രജകള്‍ക്കും തോല്പിക്കാനായില്ല. സര്‍വ്വേശ്വരനെ ശരണംപ്രാപിച്ചു. ബലഭദ്രരാമന്‍ കോലനിഗ്രഹം നടത്തി പ്രജകളേയും രാജാവിനേയും രക്ഷിച്ചു. ഭക്തന്റെ സര്‍വ്വസ്വ സമര്‍പ്പണവും അതില്‍ പ്രീതനാകുന്ന ഭഗവാന്റെ അനുഗ്രഹവുമാണ് ഇവിടെ വ്യക്തമാകുന്നത്. ആത്യന്തിക മുഹൂര്‍ത്തത്തില്‍ ഭക്തരക്ഷണത്തിനായി ഭഗവാന്‍ ഓടിയെത്തുമെന്നും ഒരുവിധ ദോഷവും കൂടാതെ കാക്കുമെന്നുമുള്ള ഭാഗവതതത്ത്വം കോലാസുരവധ കഥയിലും കാണാം.

പ്രത്യക്ഷത്തില്‍ കാണാവുന്ന ഈ തത്ത്വത്തിനുമപ്പുറം സൂക്ഷ്മമായി മറ്റൊരാശയവും ഈ കഥ ഉള്‍ക്കൊള്ളുന്നു. നന്മയാര്‍ന്ന മനസ്സിന്റെ പ്രതീകമാണ് കൗശാരവീപുരം. ഭക്തിപ്രവാഹം ഗംഗായമുനകളായൊഴുകുന്നതിന്റെ മദ്ധ്യേയാണ് അതിന്റെ സ്ഥാനം! കൗശാരവി നന്മയില്‍ കരുത്താര്‍ന്ന വിവേകമാണ്. സച്ചിന്തകളായ പ്രജകളും സദ്ബുദ്ധിയായ രാജാവും കോലാസുരനാല്‍ പീഡിപ്പിക്കപ്പെട്ടു.

തിന്മയുടെ മൂര്‍ത്തിമദ്ഭാവമാണ് കോലാസുരന്‍. പന്നി, നീചജാതി എന്നിങ്ങനെ പല അര്‍ത്ഥങ്ങള്‍ ‘കോലഃ’ ശബ്ദത്തിനുണ്ട്. പന്നി ഭൂമിയെ കിളച്ചു മറിക്കുന്നതുപോലെ കോലന്‍ സജ്ജന മനസ്സുകളെ ഉപദ്രവിച്ചു. തിന്മയാല്‍ തുടര്‍ച്ചയായി ഉപദ്രവിക്കപ്പെടുമ്പോള്‍ സുമനസ്സുകള്‍പോലും ഉലഞ്ഞുപോകും. എന്തുചെയ്യണമെന്നറിയാതെ ഉഴലും. ഓരോ പഴുതുകണ്ടുപിടിച്ച് രക്ഷപ്പെടാന്‍ ശ്രിമിക്കും. ആ അന്വേഷണം സര്‍വ്വജഗന്മയനായ ഈശ്വരനില്‍ അഭയം പ്രാപിക്കും.

‘യഃ സര്‍വ്വജനഃ സര്‍വവിദ്
യസൈ്യഷ മഹിമാഭുവി
ദിവ്യേ ബ്രഹ്മപുരേഫ്യേഷ
വ്യോമന്യാത്മാപ്രതിഷ്ഠിതഃ’  (മുണ്ടയോപനിഷത്ത്)

(സര്‍വ്വജ്ഞനായ ഏതൊരാളുടെ മഹിമ എല്ലാറ്റിനേയും നിലനിര്‍ത്തുന്നുവോ ആ പരമാത്മാവ് ചൈതന്യവത്തായി ബ്രഹ്മസ്ഥാനമായ ഹൃദയാകാശത്തില്‍ നിലകൊള്ളുന്നു. ഈശ്വരാര്‍പ്പണമായി കര്‍മ്മം ചെയ്യുന്ന വ്യക്തി ഈ ആശയത്തില്‍ ഉറച്ചു വിശ്വസിക്കുന്നു. ‘സര്‍വധര്‍മ്മാന്‍ പരിത്യജ്യ/മാമേകം ശരണം പ്രജ’ എന്ന ഗീതാരഹസ്യം ഭക്തന്‍ മനസ്സിലാക്കുന്നു. ഭഗവാനെ സമാശ്രയിക്കുന്ന ഭക്തന്റെ ബുദ്ധിയാണ് രാജാവ്. തപസ്സാകട്ടെ സ്വന്തം നന്മയിലുള്ള ഉറപ്പും ഏതു പ്രതിസന്ധിയിലും ഉപേക്ഷിക്കാത്ത സദാചാരമാണ് ഉത്തമമാനവഗുണം.

ജനങ്ങള്‍ ബലരാമനെ സമീപിച്ച് തങ്ങളുടെ ആവലാതി അറിയിച്ചു. ‘ആമയങ്ങള്‍ നീങ്ങുമാറങ്ങായവണ്ണമെപ്പൊഴും ക്ഷേമമോടനുഗ്രഹിക്കണേ’ എന്ന പ്രാര്‍ത്ഥനയാണത്.

നീചത്വത്താല്‍ പീഡിതമാകുമ്പോഴും സജ്ജനചിന്ത ഈശ്വരനിലേയ്ക്കാവും പായുക! അവര്‍ ബലരാമനോടു പറഞ്ഞു ‘കോലന്‍ ജീവിച്ചിരിക്കുമ്പോള്‍ കംസന്‍ മരിച്ചിട്ടില്ലെന്നറിയുക’ എന്ന്. കോലാസുരന്‍ കംസസമാനനെന്നര്‍ത്ഥം! നാശകാരിയായ കംസന് സമാനനായ അസുരനും പരജനദ്രോഹം ചെയ്യുന്ന സ്വാര്‍ത്ഥിയാണ്. താമസഭാവമാണ് ഇവിടെ ഉപദ്രവകാരിയാകുന്നത്. രാജ്യാദി ലൗകീക ഭാവങ്ങളിലാര്‍ത്തിപൂണ്ട് അവ കൈക്കലാക്കാനുള്ള പാച്ചിലാണ് കോലന്റേത്. ലോഭം പ്രകടമാക്കുന്ന തമോഗുണം, സജ്ജനങ്ങള്‍ക്കു സൈ്വരജീവിതമനുവദിക്കുകയില്ല. അപ്പോള്‍, നന്മയ്ക്ക് എതിര്‍ത്തുനില്‍ക്കുവാന്‍ ധര്‍മ്മബലം മാത്രമാണവലംബമാവുക! കൗശാരവീ മഹാരാജാവ് ഈശ്വരാര്‍പ്പണ മനസ്സോടെ തപം ചെയ്തു എന്നതിന്റെ സാരമിതാണ്.

നന്മതിന്മകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് തുടര്‍ന്നു വിവരിച്ചിട്ടുള്ള യുദ്ധം. കോലാസുരന്റെ വരവുതന്നെ ശ്രദ്ധേയം. പത്ത് അക്ഷൗഹിണി സേനയുമായാണ് ആ അസുരേന്ദ്രന്‍ രാജാവിനെ നേരിട്ടത്. ആ സൈന്യം പ്രളയപയോധിപോലെ ആര്‍ത്തടുത്തു. ഇളകിച്ചാടുന്ന അശ്വങ്ങളാകുന്ന തരംഗങ്ങള്‍! രഥങ്ങളും ഗജങ്ങളുമാകുന്ന തിമിംഗലങ്ങള്‍! ഇവ സേനയെ ദുര്‍ഗ്ഗമമാക്കി. സംസാരമാകുന്ന പ്രവാഹത്തില്‍ ആഴ്ന്നിറങ്ങുന്ന ജീവന്‍ വികാരവിഭ്രമങ്ങളാല്‍ സംഭ്രമിക്കുന്നു. മേല്‍ക്കാണിച്ച അശ്വങ്ങള്‍ ഇന്ദ്രിയങ്ങളാണ്. രഥം ശരീരവും ‘ദേഹോfഹ’ മെന്ന ഭാവമാണ് ആന! ആസക്തമനസ്സിന്റെ വികാരങ്ങള്‍ കാലാളും! ഈ ചതുരംഗങ്ങളും ചേര്‍ന്ന സൈന്യം കോലാസുരനെ – മോഹാന്ധനായ താമസനെ – പരപീഡനോത്സുകനാക്കുന്നു. പ്രത്യേകിച്ചും നന്മയ്ക്ക് – ദേവത്വത്തിന് – ബലം നല്‍കുന്ന ‘ബലദേവനോട്!

മദയാനപ്പുറത്തേറിയാണ് കോലന്‍, ബലരാമനെ നേരിട്ടത്. ദേഹഭാവത്തിന്റെ പ്രതീകമായിട്ടാണ് മദയാനകള്‍ – പുരാണങ്ങളില്‍ – ചിത്രീകൃതങ്ങളായിട്ടുള്ളത്. നാശത്തിന്റെ (കംസന്റെ) സഖാവായ കോലന്‍ ആവിധമാകാനേ തരമുള്ളൂ! അസുരനിരുന്ന ആനയുടെ സ്വര്‍ണ്ണച്ചങ്ങലയ്ക്കു മദജല സ്രവണവും ദിഗ്ഗജസമാനമായ വലിപ്പവും സംസാരമഗ്നതയുടെ അലങ്കാരങ്ങളാണ്.

സ്വാര്‍ത്ഥം മത്തമായി വരുമ്പോള്‍ നേരിടാന്‍ ബലിഷ്ഠമായ ഉപകരണം തന്നെ വേണം. താമസ ഭാവമാര്‍ന്ന സ്വാര്‍ത്ഥതയാണ് മദയാനപ്പുറമേറിവന്ന കോലന്‍! ബലരാമന്‍ ഒരു മുസലം (ഇരുമ്പുലക്ക) കൊണ്ടാണ് ആനയെ നേരിട്ടത്. ആ മുസലം തപജപ നിധിദ്ധ്യാഭ്യാസങ്ങളാല്‍ ഉരുകിത്തെളിഞ്ഞ ബുദ്ധി – വിവേകം – ആണ്. അതിന് ‘കോല’നെ പേടിയില്ല. ബലരാമന്‍ മുസലം കൊണ്ടടിച്ചപ്പോള്‍ അവന്റെ തല തകര്‍ന്നുപോയി. ദ്ദേഹാഭിമാനിയെ തളര്‍ത്താന്‍ ശക്തമായ ആഘാതമേല്‍പ്പിക്കുകതന്നെ വേണം. കോലാസുരന്റെ ശരീരാഭിമാനമാണിവിടെ തകര്‍ന്നത്.

ഇന്ദ്രിയാസക്തരാകുന്ന വ്യക്തികള്‍ വിവേകശൂന്യരായി പ്രവര്‍ത്തിക്കും.

‘യതതോഹ്യപി കൗന്തേയ
പുരഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണീ പ്രമാഥീനി
ഹരന്തിപ്രബഭം മനഃ (ഭ.ഗീത.2/60)

പ്രയത്‌നശീലനും ബുദ്ധിമാനുമായ വ്യക്തിയുടെ മനസ്സിനെപ്പോലും ശക്തങ്ങളായ ഇന്ദ്രിയങ്ങള്‍ ബലമായി കീഴടക്കുന്നു.) ആവിധം ഇന്ദ്രിയങ്ങളാല്‍ കീഴടക്കപ്പെട്ട വ്യക്തിത്വമാണ് കോലാസുരന്റേത്. അതിനെ ‘വിവേകം’ നേരിട്ടു. അസുരന്റെ ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളായ പത്തക്ഷൗഹിണി സേനയും പരിശ്രമിച്ചിട്ടും ‘രാമനെ’ ജയിക്കാന്‍ സാധിച്ചില്ല!

അസുരന്‍ മായാപ്രയോഗം നടത്തി. അവന്‍ സൃഷ്ടിച്ച മായാമേഘങ്ങള്‍ ആകാശം നിറഞ്ഞു. അന്ധകാരം വ്യാപിച്ചു. ആകാശത്തുനിന്ന് രക്തം വര്‍ഷിക്കപ്പെട്ടു. ചലവും മേദസും വിണ്‍മൂത്രാദികളും മഴയായി ചൊരിഞ്ഞു. നന്മയെ നേരിടാന്‍ തിന്മ കൈക്കൊള്ളുന്ന ദര്‍ന്നയങ്ങളായിവേണം ഇവയെ കണക്കാക്കാന്‍. അജ്ഞാന തിമിരംകൊണ്ടു ജ്ഞാനപ്രകാശത്തെ മറയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ അതു വിജയിച്ചില്ല. ബലരാമന്‍ സര്‍വ്വാസ്ത്രഘാതിനിയായ മുസലം പ്രയോഗിച്ചു. അത് പ്രളയാഗ്നിപോലെ ശോഭിച്ചു. ഈ തീക്ഷ്ണ പ്രകാശധോരണിയില്‍ അജ്ഞാനമായ മായയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അന്ധകാരമകന്നതും ദിക്കുകള്‍ തെളിഞ്ഞതും കോലരൂപം സ്പഷ്ടമായതും പ്രസ്തുതാര്‍ത്ഥത്തില്‍ വായിക്കാം. മായാന്ധകാരം മാഞ്ഞപ്പോള്‍ കോലന്‍ അത്ഭുതസ്തബ്ധനായിപ്പോയി. അവനെ ബലരാമന്‍ കൈകൊണ്ടു പിടിച്ച് ആകാശത്തില്‍ ചുഴറ്റി. അതിനുശേഷം കുട്ടികള്‍ മണ്‍കുടമെറിയുന്നതുപോലെ അസുരനെ ശക്തിയായി നിലത്തടിച്ചു. ചണ്ഡമുണ്ഡാദികളേയും സുംഭനിസുംഭന്മാരേയും വധിച്ച് മഹിഷനെ ജയിച്ച ദുര്‍ഗ്ഗാദേവിയെപ്പോലെ ബലദേവന്‍ കോലനെവധിച്ചു. പല്ലുകളിളകി കണ്ണുകള്‍ തുറിച്ച് ആഭീകരാസുരന്‍ പ്രാണന്‍ വെടിഞ്ഞു. ജ്ഞാനോദയത്താല്‍ മായയകന്നപ്പോള്‍ ആസുരം നശിച്ചു. ആസുരന്റെ ദേഹാഭിമാനമാണ് അടിയേറ്റുഭിന്നമായ ശരീരം വ്യക്തമാക്കുന്നത്. സക്തമായ കണ്ണും പീഡനവ്യഗ്രമായ പല്ലും ഇളകിയതു ലൗകികാസക്തി നഷ്ടമായെന്ന സത്യത്തെ പ്രപഞ്ചനം ചെയ്യുന്നു.

ആ സമയത്തുണ്ടായ ദേവദുന്ദുഭീഘോഷം പുഷ്പവൃഷ്ടി മുതലായ ദുഷ്ടനാശത്തിലുണ്ടായ സജ്ജനാനന്ദമാണ്. ഗുരുവായ ഗര്‍ഗ്ഗാചാര്യ നിര്‍ദ്ദേശ പ്രകാരം ഗംഗാസ്‌നാനം ചെയ്ത ബലരാമന്‍ ആനന്ദമഗ്നനായി. ഗുരുനിര്‍ദ്ദേശമനുസരിച്ചാശിച്ച ജ്ഞാനഗംഗയിലാണ് വിവേകി ജ്ഞാനസ്‌നാനം ചെയ്യുന്നത്. പാപനാശത്താലും ജ്ഞാനസ്‌നാനത്താലും പ്രജ്വലിതമായ മാനസം തന്നെയാണ് ആനന്ദനിര്‍ഭരമായി ശോഭിക്കുന്നത്. മനുഷ്യമനസ്സ് ക്രമം ക്രമമായി നേടുന്ന ശുദ്ധിയാണ് കോലാസുരവധകഥയിലേയും അന്തഃസത്ത?

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം