ബി.പി.എല്‍. കാര്‍ഡ്: എന്‍ജിനീയറിങ് അധ്യാപകനെ സസ്‌പെന്റ് ചെയ്തു

March 15, 2014 കേരളം

തിരുവനന്തപുരം: ബി.പി.എല്‍. കാര്‍ഡ് കൈവശം വച്ചതിന് എന്‍ജിനീയറിങ് കോളേജ് അധ്യാപകനെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സസ്‌പെന്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയും അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളേജിലെ അസി. പ്രൊഫസറുമായ ജയറാമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇതിനകം അനധികൃതമായി കൈവശം വച്ചിരുന്ന 1011 ബി.പി.എല്‍. കാര്‍ഡുകള്‍ പിടിച്ചെടുത്ത് എ.പി.എല്‍. ആക്കി മാറ്റിയിട്ടുണ്ട്. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ അനധികൃത ബി.പി.എല്‍. കാര്‍ഡുകള്‍ (303) പിടിച്ചെടുത്തത്. മറ്റു താലൂക്കുകളിലെ കണക്കുകള്‍ ഇപ്രകാരം: നെടുമങ്ങാട് 248, ചിറയിന്‍കീഴ് 161, തിരുവനന്തപുരം 185, തിരുവനന്തപുരം സിറ്റി റേഷനിങ് ഓഫീസ് (നോര്‍ത്ത്) 53, തിരുവനന്തപുരം (സൗത്ത്) സിറ്റി റേഷനിങ് ഓഫീസ് 67 ഇനിയും അനര്‍ഹരായി ബി.പി.എല്‍. കാര്‍ഡുകള്‍ കൈവശം വച്ചിട്ടുളള വ്യക്തികള്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി എത്രയും പെട്ടെന്ന് തങ്ങളുടെ പക്കലുളള ബി.പി.എല്‍. കാര്‍ഡുകള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ തിരിച്ചേല്‍പ്പിച്ച് പകരം എ.പി.എല്‍. കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കൈവശം വച്ചിട്ടുളള ആളുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അറിയിക്കാം. ഫോണ്‍ നമ്പര്‍ റേഷന്‍കാര്‍ഡുകളുടെ പുറകില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം