നിഥാരി കൂട്ടക്കൊല: ദീപാലി കൊലക്കേസിലും കോലി കുറ്റക്കാരന്‍

December 22, 2010 മറ്റുവാര്‍ത്തകള്‍

ഗാസിയാബാദ്‌: നിഥാരിയില്‍ കൗമാരക്കാരിയായ ദീപാലിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മൊനീന്ദര്‍ സിംഗ്‌ പാന്ഥറിന്റെ ജോലിക്കാരനായ സുരീന്ദര്‍ കോലി കുറ്റക്കാരനാണെന്ന്‌ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. കോലിയുടെ ശിക്ഷ കോടതി പിന്നീട്‌ പ്രഖ്യാപിക്കും. കൂട്ടക്കൊലക്കേസിലെ നാലാമത്തെ കേസിലാണ്‌ കോലി കുറ്റക്കാരനാണെന്ന്‌ കോടതി വിധിക്കുന്നത്‌. നേരത്തെ റിംപാ ഹാല്‍ദാര്‍ കേസിലും ഏഴുവയസുകാരി ആര്‍തിയെ കൊലപ്പെടുത്തിയ കേസിലും കൗമാരക്കാരി രചനയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലും പ്രതിയായ കോലിക്ക്‌ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ നിഥാരി ഗ്രാമത്തില്‍ 2006ല്‍ ആണ്‌ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്‌.
സംഭവം അന്വേഷിച്ച ലോക്കല്‍ പോലീസില്‍ നിന്ന്‌ പിന്നീട്‌ കേസ്‌ സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. വീട്ടുവേലക്കാരനായിരുന്ന കോലിയോടൊപ്പം ചേര്‍ന്ന്‌ പാന്ഥറാണ്‌ ബലാല്‍സംഗവും കൊലപാതകങ്ങളും നടത്തിയതെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍