തെരഞ്ഞെടുപ്പ് പ്രചാരണം: അനുമതിയില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും

March 19, 2014 കേരളം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി അനുമതി വാങ്ങാതെ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ അവ പിടിച്ചെടുക്കുമെന്ന് സബ് കളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്ററി മണ്ഡത്തിന്റെ പരിധിയില്‍ വരുന്ന വാഹനങ്ങളുടെ അനുമതിക്കായി ജില്ലാ കളക്ടറുടെയും അസംബ്ലി മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഉപവരണാധികാരികള്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ആര്‍സി ബുക്ക് ,ഇന്‍ഷുറന്‍സ്, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം. വാഹനപ്രചരണത്തിന് നല്‍കുന്ന അനുമതിപത്രം വാഹനത്തില്‍ സൂക്ഷിക്കുകയും ഇതിനായുള്ള പാസ്സ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്സില്‍ ഇടതുഭാഗത്ത് ഒട്ടിച്ചിരിക്കുകയും വേണം. ഒരു വാഹനത്തിന് നല്‍കുന്ന പാസ് മറ്റൊരു വാഹനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. രാത്രി 10 മുതല്‍ രാവിലെ 6 മണിവരെ വാഹനപ്രചരണം അനുവദിക്കുന്നതല്ലെന്നും സബ് കളക്ടര്‍ അറിയിച്ചു. വാഹനപ്രചാരണത്തിന് ചെലവാക്കുന്ന തുക ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും എം.സി.സി, ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയുടെ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ചെലവ് സംബന്ധിച്ച സത്യസന്ധമായ കണക്കുകള്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് ചെലവ്‌നിരീക്ഷകരുടെ കണക്കുകളുമായി ഇതില്‍ അന്തരം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തിരുവനന്തപുരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായ രവി പ്രകാശ് ഓര്‍മ്മിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധനവിനിയോഗത്തിനായി എല്ലാ സ്ഥാനാര്‍ത്ഥികളും ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നും 25000 രൂപയ്ക്ക് മേലുള്ള സാമ്പത്തിക ഇടപാടുകള്‍ ചെക്ക് ഉപയോഗിച്ച് മാത്രമേ നടത്താവൂവെന്നും ആറ്റിങ്ങല്‍ മണ്ഡലത്തിലെ നിരീക്ഷകന്‍ വീരഭദ്ര റെഡ്ഡി അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പാറശാല അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ടി.ഉമ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം