മുംബൈ കൂട്ടമാനഭംഗം: നാലു പ്രതികള്‍ കുറ്റക്കാരെന്നു കോടതി

March 20, 2014 ദേശീയം

മുംബൈ: മുംബൈയിലെ ശക്തി മില്‍ പരിസരത്തു നടന്ന രണ്ടു കൂട്ടമാനഭംഗക്കേസുകളില്‍ നാലു പ്രതികള്‍ കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി. ശക്തി മില്‍ പരിസരത്തു വച്ച് കഴിഞ്ഞ വര്‍ഷം രണ്ടു സംഭവങ്ങളിലായി ഒരു മാധ്യമപ്രവര്‍ത്തകയും ടെലിഫോണ്‍ ഓപ്പറേറ്ററായ യുവതിയുമാണ് കൂട്ടമാനഭംഗത്തിനിരയായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. കേസില്‍ വെള്ളിയാഴ്ച ശിക്ഷ വിധിക്കും. ഓഗസ്റ് 22-നാണ് 23-കാരിയായ ഫോട്ടോജേണലിസ്റ് കൂട്ടമാനഭംഗത്തിനിരയായത്. ജോലിയുടെ ഭാഗമായി ആണ്‍സുഹൃത്തിനൊപ്പം ശക്തിമില്‍ പരിസരത്തെത്തിയതായിരുന്നു യുവതി. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചു പ്രതികളാണ് കേസിലുള്‍പ്പെട്ടിരുന്നത്. ഇവരില്‍ മൂന്നു പേര്‍ ജൂലൈ 31-ല്‍ 18-കാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെയും പ്രതികളാണ്. ഫോട്ടോ ജേണലിസ്റിനെ മാനഭംഗപ്പെടുത്തിയ കേസില്‍ സെപ്റ്റംബര്‍ 19-ന് പോലീസ് പ്രതികള്‍ക്കെതിരേ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, ഗൂഡാലോചന, ഐടി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. കേസില്‍ 44 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയിലാണ് വിചാരണ ചെയ്തത്. യുവതികള്‍ക്കെതിരേ നടന്നത് ക്രൂരവും ദയാരഹിതവുമായ കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു. കേസിന്റെ വിചാരണ കേള്‍ക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലും കോടതിയിലെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം