ദുരന്തനിവാരണത്തിനു നടപടി സ്വീകരിച്ചെന്നു സര്‍ക്കാര്‍

March 21, 2014 കേരളം

കൊച്ചി: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മഴക്കെടുതി എന്നിവ ഉള്‍പ്പെടെ കാലവര്‍ഷ ദുരന്തങ്ങള്‍ നേരിടുന്നതിനു പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കണ്ണൂരിലെ ഇരിട്ടിയില്‍ 2012 ഓഗസ്റ്റില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അഡ്വ.ബേസില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. രാജേന്ദ്രന്‍പിള്ള വിശദീകരണ പത്രിക സമര്‍പ്പിച്ചത്.

സംസ്ഥാനത്തു ജനസാന്ദ്രത കൂടുതലായതിനാല്‍ 14.5 ശതമാനം പ്രദേശത്തെ ജനങ്ങള്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണു ജീവിക്കുന്നത്. കാലവര്‍ഷത്തിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 2007ലാണ് ദുരന്തനിവാരണ സമിതി രൂപീകരിച്ചത്. 2008ല്‍ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ സംവിധാനം രൂപീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണു സേനയുടെ പ്രവര്‍ത്തനം. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കു സഹായം എത്തിക്കാനും അപകടസാധ്യത സംബന്ധിച്ചു പഠനം നടത്താനും നടപടിയെടുത്തു. 2012ലെ കാലവര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു മൂന്നു ലക്ഷം രൂപയും ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ വരെ ഭൂമിയും വീടു നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ചു. കടകള്‍ നഷ്ടപ്പെട്ടവര്‍ക്കു രണ്ടു ലക്ഷം രൂപയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു ഒരു മാസത്തെ റേഷനും അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സഹായം എത്തിച്ചു.

കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏതു നിമിഷവും ജനങ്ങള്‍ക്കു സഹായം എത്തിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇടുക്കി, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ദേശീയ ദ്രുതകര്‍മസേനയെ വിന്യസിച്ചു. കരസേനയുടെയും വ്യോമസേനയുടെയും സഹായവും ലഭ്യമാക്കി. കേന്ദ്ര സര്‍ക്കാരില്‍നിന്നു പ്രത്യേക ധനസഹായം നേടാനും നടപടി സ്വീകരിച്ചതായും വിശദീകരണ പത്രിക പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം