ഹരിപ്പാട്ട് വാഹത്തില്‍ കൊണ്ടുവന്ന 165 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

March 21, 2014 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസിന്റെ പ്രത്യേക സംഘം ഹരിപ്പാട് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന 165 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കാര്‍ത്തികപ്പള്ളി മഹാദേവിക്കാട് സ്വദേശി സന്തോഷ്(41)നെ അറസ്റ് ചെയ്തു.

ഹരിപ്പാടിനും നങ്ങ്യാര്‍കുളങ്ങരയ്ക്കുമിടയില്‍ പരിശോധന നടത്തവെ കായംകുളം ഭാഗത്തേക്കുവന്ന ഓട്ടോറിക്ഷ നിര്‍ത്താന്‍ എക്സൈസ് ആവശ്യപ്പെട്ടിട്ടും പള്ളിപ്പാട് ഭാഗത്തേക്ക് ഓടിച്ചുപോയി. പിന്തുടര്‍ന്ന എക്സൈസ് സംഘം പള്ളിപ്പാട് ലെവല്‍ക്രോസിനു സമീപംവച്ച് ഓട്ടോറിക്ഷ പിടിച്ചെടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ പിടികൂടി. സി.ഐ. ആര്‍. ബാബു, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റെജി, പ്രിവന്റീവ് ഓഫീസര്‍മാരായ ദിനേശ് ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കി. പ്രത്യേക സ്ക്വാഡുകള്‍ രൂപികരിച്ചാണ് പരിശോധന നടത്തുന്നത്. അന്യസംസ്ഥാങ്ങളില്‍ നിന്ന് അനധികൃത മദ്യം കടത്താതിരിക്കാന്‍ ജില്ലാ അതിര്‍ത്തികളിലും ദേശീയപാതയിലും ഇടറോഡുകളിലും രാത്രിസമയങ്ങളിലും വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. മദ്യവില്‍പ്പനശാലകള്‍, റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ട്ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍