തിരുനക്കര പകല്‍പ്പൂരം നാളെ

March 22, 2014 കേരളം

കോട്ടയം: പൂരപ്രേമികളുടെ കണ്ണിനും കാതിനും ആവേശമായി തിരുനക്കര തേവരുടെ പകല്‍പ്പൂരം നാളെ. ചിരപുരാതനവും പരിപാവനവും ഐതിഹ്യങ്ങള്‍കൊണ്ടും ചരിത്രം കൊണ്ടും ഭക്തജനങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള പ്രസിദ്ധമായ പകല്‍പ്പൂരത്തിനു നാളെ ഉച്ചകഴിഞ്ഞു മൂന്നിനു തുടക്കമാകും.

പൂരത്തിനു തുടക്കം കുറിച്ചു പടിഞ്ഞാറന്‍ ചേരുവാരത്തില്‍ വാദ്യകലാനിധി മേളകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ ആല്‍ത്തറമേളവും കിഴക്കന്‍ ചേരുവാരത്തില്‍ മേളകുലപതി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ഒരുക്കിയിട്ടുണ്ട്. തിരുനക്കര മഹദേവക്ഷേത്രത്തിന്റെ സമീപ ക്ഷേത്രങ്ങളില്‍നിന്നും രാവിലെ 11 മണിയോടെ പുറപ്പെടുന്ന ചെറുപൂരങ്ങള്‍ ഒരു മണിക്കു മുമ്പായി തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തില്‍ക്കൂടി വടക്കുംനാഥന്റെ നടയില്‍ എത്തിച്ചേരും. മാനത്തു വര്‍ണവിസ്മയം തീര്‍ക്കുന്ന കുടമാറ്റവും വെടിക്കെട്ടും പൂരത്തിനോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

എട്ടാം ഉത്സവദിനായ ഇന്നു പ്രസിദ്ധമായ വലിയ വിളക്കു നടക്കും. രാവിലെ 7.30നു ശ്രീബലി എഴുന്നള്ളിപ്പ്. വൈകുന്നേരം ആറിനുള്ള ദീപാരാധനയ്ക്കു ശേഷമാണു ദേശവിളക്ക്. രാത്രി 11നു ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്കും തുടര്‍ന്നു വലിയ കാണിക്കയും നടക്കും. കണ്‍വന്‍ഷന്‍ പന്തലില്‍ രാത്രി 8.30നു താരാ കല്യാണ്‍ ആന്‍ഡ് പാര്‍ട്ടിയുടെ ഡാന്‍സ് അരങ്ങേറും.

ഏഴാം ഉത്സവദിനമായ ഇന്നലെ വൈകുന്നേരം ആറിനു കാഴ്ച ശ്രീബലി നടന്നു. തുടര്‍ന്നു വേലകളിയും അരങ്ങേറി. കണ്‍വന്‍ഷന്‍ പന്തലില്‍ വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണക്കച്ചേരിയും ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം