ശ്രീ ലളിതാസഹസ്രനാമ സ്‌തോത്രവ്യാഖ്യാനം

March 24, 2014 സനാതനം

ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍

സുമേരു മധ്യ ശൃംഗസ്ഥാ ശ്രീമന്നഗര നായികാ
ചിന്താമണി ഗൃഹാന്തസ്ഥാ പഞ്ച ബ്രഹ്മാസനസ്ഥിതാ

(ശൃംഗ – മധ്യ – ശ്രീമത് – നഗര) ദേവി മഹാമേരുപര്‍വതത്തിന്റെ നടുവിലെ കൊടുമുടിയില്‍ വസിക്കുന്നു. ഐശ്വര്യപൂര്‍ണ്ണമായ നഗരത്തിന്റെ നാഥയുമാണ്. മധ്യശൃംഗം: മഹാമേരുപര്‍വതത്തില്‍ ത്രിമൂര്‍ത്തികളുടെ പ്രതീകമെന്നോണം ഒരു ത്രികോണത്തിന്റെ നടുവിലത്തെ നാലാംകൊടുമുടിയേ്രത ദേവിയുടെ ആസ്ഥാനം. നഗരനായിക: ഭണ്ഡാസുരവധാരനന്തരം ദേവകളുടെ നിര്‍ദേശപ്രകാരം ദേവശില്‍പിയായ വിശ്വകര്‍മാവും അസുരശില്‍പിയായ മയനും ചേര്‍ന്ന് മഹാമേരുതൊട്ടുള്ള പര്‍വതങ്ങളില്‍ എട്ടും ലവണസമുദ്രം തുടങ്ങിയ സമുദ്രങ്ങളില്‍ എട്ടും നഗരങ്ങളില്‍ നിര്‍മിച്ച് ദേവിക്കു സമര്‍പ്പിച്ചുവത്രേ; ഈ നഗരങ്ങളുടെയെല്ലാം നാഥയാണ് ദേവി.

ഭക്തരുടെ ചിന്ത എന്ന മണിമന്ദിരത്തിനുളളിലും പഞ്ചബ്രഹ്മാസനത്തിലുമാണ് ദേവി സ്ഥിതി ചെയ്യുന്നത്. ചിന്തിച്ചതൊക്കെ നല്‍കുന്ന രത്‌നം എന്നും ചിന്താമണിക്ക് അര്‍ഥം കല്‍പിക്കാം. ചിന്താമണിനിര്‍മിതമായ മന്ദിരത്തിന്റെ കേന്ദ്രസ്ഥാനത്ത് അഗ്രപൂജയര്‍ഹിക്കുന്ന ചിന്താമണിയായി ദേവി സ്ഥിതിചെയ്യുന്നു.

പഞ്ചബ്രഹ്മാസനം: അഗ്നികോണില്‍ ജപാപുഷ്പരൂപത്തോടെ ബ്രഹ്മാവും നിരൃതികോണില്‍ ഇന്ദ്രനീലശിലാരൂപത്തോടെ വിഷ്ണുവും വായുകോണില്‍ ശുദ്ധസ്ഫടികരൂപത്തോടെ രുദ്രനും ഈശാനകോണില്‍ കര്‍ണികാരപുഷ്പരൂപത്തോടെ ഈശ്വരനും സ്തംഭങ്ങളായും, ഇരിപ്പിടം വെളുവെളുത്ത വിരിപ്പ് എന്നിവയായി സദാശിവനും വര്‍ത്തിക്കുന്ന ദേവിയുടെ മഹാമഞ്ചം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം