തിരുവനന്തപുരത്ത് പുതിയ ഡ്രെയിനേജ്: ഏപ്രില്‍ ഒന്നിന് പണിതുടങ്ങും

March 22, 2014 കേരളം

തിരുവനന്തപുരം: വഞ്ചിയൂരിലെ പഴയകളക്ടറേറ്റ് ജങ്ഷന്‍ മുതല്‍ കോടതി ജങ്ഷന്‍ വരെയുളള റോഡില്‍ പുതിയ ഡ്രെയിനേജ് പൈപ്പ് സ്ഥാപിക്കാനുളള പണികള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. തമ്പാനൂരിലെ വെളളക്കെട്ടിന് പരിഹാരം കാണുന്നതിന് ആമയിഴഞ്ചാന്‍തോടിനെ പര്യാപ്തമാക്കുന്നതിനുവേണ്ടിയാണ് തോടരുകിലെ നിലവിലുള്ള പൈപ്പ് നീക്കം ചെയ്യുന്നത്. നാല്‍പ്പത്തഞ്ച് ദിവസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടയാന്‍ ഉദേശിക്കുന്നില്ല. നിര്‍മ്മാണത്തിന്റെ അവസാന രണ്ടോ മൂന്നോ ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ ഗതാഗതം നിരോധിച്ചേക്കാം. വഞ്ചിയൂര്‍-ഉപ്പിടാംമൂട് വഴിയുള്ള ഗതാഗതം ഒറ്റവരിയാക്കുന്നതിനെ സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിനായി കെ.എസ്.ഇ.ബി, ബിഎസ്എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഡ്രൈനേജ് പൈപ്പ് പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ഗതാഗതനിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നതിനായി കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് ഫണ്ട് ബോര്‍ഡ് ജനറല്‍ മാനേജര്‍ സുദര്‍ശന്‍ പിള്ള, പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനീയര്‍ സി.കെ രാജേന്ദ്രബാബു, സിവറേജ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം