ആധാര്‍ നിര്‍ബന്ധമല്ല: സുപ്രീം കോടതി

March 24, 2014 ദേശീയം

Adharന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സേവനത്തിന് ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവുകള്‍ റദ്ദാക്കണമെന്നും ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉടമസ്ഥന്റെ അനുവാദമില്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേ ജസ്റിസ് പി.എസ്.ചൌഹാന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെയാണ് വ്യാപക പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ആധാര്‍ തത്കാലത്തേക്ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയോടെ ആധാറിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടെ, ആധാര്‍ കാര്‍ഡ് വിതരണത്തില്‍ വന്‍ അപാകതയെന്ന് കോബ്രപോസ്റ്റ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വെബ്സൈറ്റ് റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ ഒളികാമറാ ഓപ്പറേഷനിലാണ്, ആധാര്‍ വിതരണത്തില്‍ രാജ്യസുരക്ഷയെപ്പോലും ആശങ്കയിലാക്കുംവിധം ക്രമക്കേട് നടക്കുന്നുവെന്ന് വെളിവായത്. വിദേശികള്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും ആധാര്‍ ലഭിച്ചു. വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കുന്ന സംഘങ്ങള്‍ വ്യാപകമാണ്. മറ്റുള്ളവരുടെ ബയോമെട്രിക് വിവരങ്ങള്‍ മോഷ്ടിച്ചാണ് വ്യാജകാര്‍ഡുകള്‍ നിര്‍മിക്കുന്നതെന്ന് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം