പ്രത്യക്ഷാനുഭവം

March 26, 2014 സനാതനം

സത്യാനന്ദസുധാവ്യാഖ്യാനം
ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ (ലക്ഷ്മണോപദേശം – പ്രത്യക്ഷാനുഭവം )

Lokabhi-Raman_slider-1ജീവന്റെ ദിവ്യത്വം മാനവസമൂഹത്തെ പഠിപ്പിക്കുന്ന ശാസ്ത്രമാണ് വേദാന്തം. ഞാന്‍ ശരീരമോ മനസ്സോ ബുദ്ധിയോ അല്ല അജരവും അമരവുമായ ആത്മാവാണ് എന്ന് അതു ഓരോ മനുഷ്യനേയും പഠിപ്പിക്കുന്നു. ‘അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളെ’4 എന്നു ശ്വേതാശ്വതര മഹര്‍ഷി ജീവരാശിയെ സംബോധനചെയ്യുന്നത് അതിനുവേണ്ടിയാണ്. വേദാന്തഗ്രന്ഥങ്ങളും ആചാര്യന്മാരും ആദ്യം ഈ സത്യത്തെ ജ്ഞാനപിപാസുക്കളായ മനുഷ്യരുടെ ബുദ്ധിയിലേക്ക് പകരുന്നു. ഈ അറിവ് ആദ്യം അവിടെ ഉറയ്ക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ജ്ഞാനം പ്രത്യക്ഷമല്ല; പരോക്ഷമാണ്. പഞ്ചസാര രുചിച്ചിട്ടില്ലാത്തയാള്‍ അനുഭവസമ്പന്നന്‍ പറയുന്നതുകേട്ട് പഞ്ചസാര മധുരമാണെന്ന് മനസ്സിലാക്കുംപോലെയാണിത്. പരോക്ഷമായതുകൊണ്ട് ഈ ജ്ഞാനത്തിനു പ്രാധാന്യമില്ലെന്നു കരുതരുത്. പ്രത്യക്ഷജ്ഞാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇതു വേണം. അത്യന്തസൂക്ഷ്മമായ ആത്മജ്ഞാനത്തിന്റെ കാര്യത്തില്‍ പരോക്ഷജ്ഞാനം ആദ്യം ഒരു അനിവാര്യത തന്നെയാണ്. അതു ബുദ്ധിയിലുറച്ചാല്‍ പ്രത്യക്ഷാനുഭവത്തിനുള്ള സാധനകള്‍ ആരംഭിക്കുകയായി. ഇതാണു വേദാന്തവിദ്യയുടെ അടുത്തപടി. കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്നിങ്ങനെ പ്രത്യക്ഷജ്ഞാനത്തിനു സാധനാമാര്‍ഗ്ഗങ്ങള്‍ പലതുമുണ്ട്. സ്വന്തം മനസ്സിനിണങ്ങുന്നത് സാധകന് അക്കൂട്ടത്തില്‍നിന്ന് തിരഞ്ഞെടുക്കാം. കുറേയേറെ മുന്നോട്ടു നീങ്ങിക്കഴിയുമ്പോള്‍ അവയെല്ലാം ഒന്നുതന്നെയാണെന്നു ബോദ്ധ്യപ്പെട്ടുകൊള്ളും. എങ്കിലും തുടങ്ങുന്നതു അവനവനു യോജിക്കുന്നതില്‍ നിന്നാകണം. മനസ്സിനിണങ്ങുന്ന മാര്‍ഗ്ഗമേ സാധകനു ഏകാഗ്രവും പ്രസന്നവുമായ ഉപാസനയ്ക്കു പ്രയോജനപ്പെടൂ. അതുകൊണ്ടാണു ആത്മസാക്ഷാത്ക്കാരത്തിനായി ഒരേ വഴിതന്നെ എല്ലാപേര്‍ക്കും വിധിക്കാന്‍ വേദാന്തം തയ്യാറാകാത്തത്.

അവരവര്‍ക്കിണങ്ങുന്ന വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തുകൊണ്ട് ചിദാനന്ദരൂപ:ശിവോ f ഹം ശിവോ f ഹം (ജ്ഞാനസ്വരൂപനും ആനന്ദസ്വരൂപനായ ആത്മാവാണു ഞാന്‍) എന്ന അനുഭവത്തില്‍ സാധകനെ എത്തിക്കുന്നിടത്ത് വേദാന്തശാസ്ത്രം സാഫല്യമടയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം