പെട്രോള്‍: ഒരു രൂപ ഇരുപത്തിയഞ്ച് പൈസ കുറയ്ക്കും

March 26, 2014 ദേശീയം

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് ഒരു രൂപ ഇരുപത്തിയഞ്ച് പൈസ കുറയ്ക്കും. ഏപ്രില്‍ ആദ്യവാരം തീരുമാനം ഉണ്ടാകും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് പെട്രോളിന്റെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്. മാര്‍ച്ച് 31നോ, ഏപ്രില്‍ ഒന്നിനോ ചേരുന്ന എണ്ണക്കമ്പനികളുടെ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പുതുക്കിയ വില പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് എണ്ണക്കമ്പനികള്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടെങ്കിലും പെട്രോൡന്റെ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് ആയതുകൊണ്ട് പെരുമാറ്റച്ചട്ട ലംഘനമാകില്ലെന്നും വില കുറയ്ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യമില്ലെന്നും എണ്ണക്കമ്പനികള്‍ പറയുന്നു.

എന്നാല്‍ ഡീസലിന് പ്രതിമാസം 50 പൈസ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. 50 പൈസ വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേത് ആയതിനാല്‍ വില കുറയ്ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമുണ്ട്. പ്രകൃതിവാതക വില വര്‍ധിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം