ബീക്കണ്‍ ലൈറ്റ് : വ്യവസ്ഥകള്‍ പുറപ്പെടുവിച്ചു

March 26, 2014 കേരളം

തിരുവനന്തപുരം: സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കുന്നതിന് 2014 മാര്‍ച്ച് 19-ാം തീയതിയിലെ സര്‍ക്കാര്‍ (അച്ചടി) നം.28/2014/ഗതാ.) ഉത്തരവിലെ ഷെഡ്യൂള്‍ 1-ലും ഷെഡ്യൂള്‍ 2-ലും ഉള്‍പ്പെടുത്തിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കുള്ളതിനു തുല്യമായ പദവിയും അന്തസും പ്രത്യേക അവകാശങ്ങളും ഉണ്ടെന്ന് ഔപചാരികായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് അതത് സംഗതി പോലെ, ഫ്‌ളാഷറോടു കൂടിയതോ ഫ്‌ളാഷര്‍ ഇല്ലാത്തതോ ആയ ചുവന്ന ലൈറ്റ് അവരെ വഹിച്ചുകൊണ്ടുപോകുന്ന വാഹനത്തിന്റെ മുകളില്‍ മുന്‍വശത്തായി വയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവില്‍ അനുമതി നല്‍കിയിട്ടുണ്ട്.

വിശിഷ്ട വ്യക്തികളെ നിര്‍ണ്ണയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഉത്തരവുപ്രകാരം സംസ്ഥാനത്ത് ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നതിന് വിശിഷ്ടവ്യക്തികളെ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും പോലീസിന്റെ പൈലറ്റ് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ക്കും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, അത്യാവശ്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള വിവിധ ഏജന്‍സികള്‍ എന്നിങ്ങനെ റോഡില്‍ യാതൊരു തടസ്സവും ഉണ്ടാകാതെ അടിയന്തിരമായി കൃത്യനിര്‍വ്വഹണം നടത്തേണ്ടതായ ഓപ്പറേഷണല്‍ ഏജന്‍സികളുടെ വാഹനങ്ങള്‍ക്കുമാണ് ബീക്കണ്‍ലൈറ്റുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത് . വിശിഷ്ടവ്യക്തികള്‍ സംസ്ഥാനത്തിനുള്ളില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ മാത്രമേ ബീക്കണ്‍ ഉപയോഗിക്കാവൂ എന്നും വാഹനങ്ങളില്‍ വിശിഷ്ട വ്യക്തികള്‍ യാത്ര ചെയ്യാത്ത അവസരങ്ങളില്‍, ചുവന്ന ബീക്കണ്‍ പുറത്തു കാണാത്ത വിധത്തില്‍ ഏതെങ്കിലും കവചം കൊണ്ട് അത് പൊതിഞ്ഞിരിക്കണമെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം