ബിസിസിഐയുടെ ഇടക്കാല അധ്യക്ഷനായി സുനില്‍ ഗവാസ്കറെ നിയോഗിക്കണമെന്ന് സുപ്രീം കോടതി

March 27, 2014 ദേശീയം

ന്യൂഡല്‍ഹി: ബിസിസിഐയുടെ ഇടക്കാല അധ്യക്ഷനായി മുന്‍താരം സുനില്‍ ഗവാസ്കറെ നിയോഗിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഐപിഎല്‍ ഏഴാം സീസണില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ പുറത്താക്കണമെന്നും കോടതി നിരീക്ഷിച്ചു. ഐപിഎല്‍ കോഴക്കേസ് പരിഗണിക്കുന്ന വേളയിലാണ് സുപ്രീം കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച ഉണ്ടാകുമെന്നും കോടതി ഉത്തരവിട്ടു. ബിസിസിഐയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറിനില്‍ക്കാന്‍ തയാറാണെന്ന് എന്‍.ശ്രീനിവാസന്‍ രാവിലെ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാള്‍ എന്ന നിലയിലാണ് ഗവാസ്കറെ കോടതി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ഇക്കാര്യത്തില്‍ ബിസിസിഐയുടെ അഭിപ്രായം കോടതി ആരാഞ്ഞു. സുപ്രീം കോടതി വിധിയോടെ ശ്രീനിവാസന്റെ ഭാവി തുലാസിലായിരിക്കുകയാണ്.

ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കില്ലെന്നും കോഴക്കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മാറിനില്‍ക്കാന്‍ തയാറാണെന്നുമാണ് ശ്രീനിവാസന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ജൂലൈയില്‍ ഐസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമുണ്ടാകരുതെന്നും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ശ്രീനിവാസന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്‍ കോഴക്കേസ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തയാറാണെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ടീമിലെ പ്രമുഖ താരമടക്കം ആറ് കളിക്കാര്‍ക്ക് കോഴയുമായി ബന്ധമുണ്ടെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാണെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം