ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തണം – ഗവര്‍ണര്‍

March 27, 2014 കേരളം

തിരുവനന്തപുരം: ഭാവിയുടെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തണമെന്ന് ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിത്. വളരെവേഗം ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാവാന്‍ കേരളത്തിനാവുമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

രാജ്യം വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അവസരം കിട്ടിയാല്‍ പലമേഖലകളിലും ഉന്നത നിലവാരം പുലര്‍ത്താന്‍ ഭാരതീയര്‍ക്ക് കഴിയും. എന്നാല്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്താനും ഭാവിയുടെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ മുന്നേറാനും നാം തയ്യാറെടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അറിവുകള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ നൂതന പരിശീലനകേന്ദങ്ങള്‍ തുടങ്ങണം. പരിഷ്‌ക്കരിച്ച പഠന രീതികളും അവലംബിക്കണം. വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കണമെന്നും ഷീലാ ദീക്ഷിത് ആവശ്യപ്പെട്ടു. ചടങ്ങില്‍ കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.പി.കെ.വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ജേതാവും ചത്തീസ്ഗഢ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറുമായ പ്രൊഫ. ഡോ. എന്‍.ആര്‍. മാധവമേനോന്‍ ആശംസകളര്‍പ്പിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. മോളിമര്‍സലിന്‍ സ്വാഗതവും സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. ജി. വിജയലക്ഷ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസ് നടന്നു. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കുന്ന സമാപനയോഗം പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം