ഗുരുപ്രതിഷ്ഠ – സഹസ്രകിരണന്‍

March 30, 2014 സനാതനം

ഡോ. എം.പി.ബാലകൃഷ്ണന്‍

Chattambi-swami_sliderഗുരു, ശിഷ്യന്‍, വിദ്യ ഇതാണു വിദ്യാത്രയം. ഗുരു വിദ്യയെ ശിഷ്യനിലേയ്ക്ക് പകരുന്നു. അങ്ങനെ ശിഷ്യന്‍ ഗുരുവാകുന്നു. അയാള്‍ ആ വിദ്യയെ അടുത്ത ശിഷ്യനിലേയ്ക്ക് – ഇങ്ങനെയാണ് തലമുറകളിലൂടെ വിദ്യ നിലനിന്നുപോരുന്നത്.

‘ബാലാസുബ്രഹ്മണ്യമന്ത്രം’ എന്നറിയപ്പെടുന്ന ചതുര്‍ദ്ദശാക്ഷരീമന്ത്രം ചട്ടമ്പിസ്വാമികളില്‍ ലഭിച്ചതിനുശേഷമാണ് നാരായണഗുരുസ്വാമികളുടെ യഥാര്‍ത്ഥയോഗസിദ്ധി ഉപലബ്ധമായതെന്നേ്രത സൂക്ഷ്മജ്ഞന്മാര്‍ പറയുന്നത്.’ അങ്ങനെ അവര്‍ കുറേക്കാലത്തേക്കു മിക്കവാറും ഒന്നിച്ചു നടന്നു. ചട്ടമ്പിസ്വാമിയുടെ അപാരജ്ഞാനത്താല്‍ നാരായണഗുരു കൂടുതല്‍ കൂടുതല്‍ അവിടേയ്ക്ക് ആകൃഷ്ടനായിക്കൊണ്ടിരുന്നു. അദ്ധ്യാത്മവിഷയങ്ങളെ ഉത്തമ കവിതകളാക്കുന്നതില്‍ ശ്രീനാരായണനുള്ള കഴിവില്‍ ചട്ടമ്പിസ്വാമിക്കും വലിയ മതിപ്പുതോന്നി. തികഞ്ഞ ഒരു സാധകനായിരുന്നതുകൊണ്ട് അല്പകാലത്തിനിടയില്‍ നാരായണഗുരു യോഗജ്ഞാനവിഷയങ്ങളില്‍ പ്രാവീണ്യം നേടി. ഇരുവരും തെക്കന്‍നാടുകളില്‍ ചുറ്റിനടന്നു. ആള്‍ത്തിരക്കുള്ള നഗരങ്ങളല്ല, ഏകാന്തവിജനങ്ങളായ ഗ്രാമങ്ങളും വനപ്രദേശങ്ങളുമാണ് അക്കാലത്ത് അവര്‍ ഇഷ്ട്‌പ്പെട്ടിരുന്നത്. എങ്ങും ആത്മസാക്ഷാത്കാരമനുഭവിച്ച് തപോനിഷ്ഠമായ, ധന്യമായ ജീവിതമാസ്വദിച്ചു ചരിച്ചിരുന്ന അവരെ സംബന്ധിച്ച് വന്യമൃഗങ്ങള്‍ ബന്ധുക്കളാണല്ലോ. ഇക്കാലത്ത് ചട്ടമ്പിസ്വാമികള്‍ ശിഷ്യനുമൊത്ത് ഒരിക്കല്‍കൂടി മരുത്വാമല സന്ദര്‍ശിക്കുന്നത്.

നെയ്യാറ്റിന്‍കരയിലും അരുവിപ്പുറത്തും അവര്‍ തങ്ങി. നല്ല വേനല്‍ക്കാലത്ത് നിറഞ്ഞൊഴുകുന്ന നെയ്യാറിന്റെ സാന്നിദ്ധ്യം ആശ്വാസമായി. ആറ്റിന്‍തീരത്തുള്ള അരുവിപ്പുറംഗ്രാമം അവര്‍ക്കിഷ്ടമായി. ഏകാന്തധ്യാനത്തിന് അവിടെ ഒരു സ്ഥാനം അവര്‍ കണ്ടെത്തി. ആ പ്രദേശത്ത് കുറേക്കാലം യോഗാനുഷ്ഠാനങ്ങളില്‍ മുഴുകിക്കഴിഞ്ഞു. ചുറ്റിനുമുള്ള താണജാതിക്കാര്‍ ആദരപൂര്‍വ്വം കൊണ്ടുകൊടുത്തിരുന്ന ആഹാരം കഴിച്ചു.

മലയാളവര്‍ഷം 1063 ല്‍ ആദ്യമായി ശ്രീനാരായണഗുരു അരുവിപ്പുറത്തു ശിവലിംഗപ്രതിഷ്ഠ നടത്തി. ഗുരുവും ശിഷ്യനും പലപ്പോഴും വിശ്രമിക്കാറുള്ള സ്ഥാനത്തായിരുന്നു ഇത്. ക്ഷേത്രനിര്‍മ്മാണത്തിനു സ്ഥാനം നിര്‍ണ്ണയിച്ചതും തന്ത്രശാസ്ത്രത്തിലും ക്ഷേത്രവാസ്തു സംബന്ധമായും അവശ്യംവേണ്ട കാര്യങ്ങള്‍ ഗുരുദേവനു പറഞ്ഞുകൊടുത്തതും ചട്ടമ്പിസ്വാമികളാണെന്ന വസ്തുത തനിക്കു നേരിട്ടറിയാമെന്ന് രണ്ടുപേരിലും ഭക്തിവിശ്വാസങ്ങളുണ്ടായിരുന്ന ശ്രീമാന്‍ ഏറത്തുകൃഷ്ണനാശാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘നമുക്ക് ഗുരു ഉപദേശം നല്‍കിയ സ്ഥാനത്ത് ഗുരുവിനെ ശിവനായി സങ്കല്പിച്ച് നാം ശിവപ്രതിഷ്ഠ നടത്തി’ എന്ന് ശ്രീനാരായണഗുരുതന്നെ അരുളിചെയ്തിട്ടുള്ളതും പ്രസിദ്ധമാണല്ലോ.

ഇങ്ങനെ നോക്കുമ്പോള്‍ അരുവിപ്പുറം ശിവപ്രതിഷ്ഠ രണ്ടു വിധത്തില്‍ ഗുരുപ്രതിഷ്ഠയാണ് – ഗുരു പ്രതിഷ്ഠിച്ചതിനാലും സ്വന്തം ഗുരുവിനെ ശിവനായി കല്പിച്ച് പ്രതിഷ്ഠിച്ചതിനാലും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം