ലോട്ടറി: സിബിഐ അന്വേഷണത്തിനു സാധ്യത

December 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ അയച്ച കത്തിന്റെ പശ്‌ചാത്തലത്തില്‍ ലോട്ടറി വിവാദത്തെക്കുറിച്ചു കേന്ദ്രം വൈകാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിന്റെ പകര്‍പ്പുമായാണു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള സംഘം കോണ്‍ഗ്രസ്‌ സമ്പൂര്‍ണ സമ്മേളനത്തിനിടയ്‌ക്കാണു സോണിയയെ കണ്ടത്‌. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയും വയലാര്‍ രവിയും സംഘത്തോടൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷം അവതരിപ്പിക്കുന്ന അതേ ഗൗരവത്തോടെ മുഖ്യമന്ത്രിയും അന്വേഷണം ആവശ്യപ്പെടുകയാണെന്ന്‌ അവര്‍ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രിയോടു സോണിയ ഇക്കാര്യം സംസാരിച്ചതായാണു സൂചന.
ഇതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ പ്രയോഗിക്കാനുതകിയ ആയുധം കൂടിയാണിത്‌. മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ട അന്വേഷണം അനുവദിച്ചതിനു കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും സിപിഎമ്മിനാവില്ല. ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണവും കണ്ടെത്തലുകളും രാഷ്‌ട്രീയപ്രേരിതമാണെന്നായിരുന്നു സിപിഎം നിലപാട്‌.
കോണ്‍ഗ്രസ്‌ വക്‌താവ്‌ അഭിഷേക്‌ സിങ്‌വി ലോട്ടറി കേസില്‍ ഹാജരായതു കൊണ്ടുള്ള തിരിച്ചടിയുണ്ടായെങ്കിലും ലോട്ടറി മാഫിയയെ സിപിഎമ്മിലെ പ്രബലവിഭാഗം സംരക്ഷിക്കുന്നുവെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചിരുന്നു. ഇതിനിടെ,സംസ്‌ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു രേഖാമൂലം ആവശ്യപ്പെട്ടാല്‍ ലോട്ടറി കുംഭകോണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തുന്നതിനു തടസ്സമില്ലെന്ന്‌ ആഭ്യന്തര സഹമന്ത്രി അജയ്‌ മാക്കന്‍ വ്യക്‌തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം