തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു

December 23, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴഞ്ചേരി: ശരണഘോഷങ്ങളോടെ തങ്കഅങ്കിയുമായി സന്നിധാനത്തേക്കു രഥയാത്ര തുടങ്ങി. ശബരിമല മണ്ഡല പൂജയ്‌ക്കു വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു ള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍ നിന്നു രാവിലെ ഏഴരയോടെയാണു പുറപ്പെട്ടത്‌. ഞായറാഴ്‌ച ഉച്ചയോടെ പമ്പയിലെത്തും.
തങ്ക അങ്കി ചാര്‍ത്തി തിങ്കളാഴ്‌ചയാണു മണ്ഡലപൂജ. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷമാണു രഥഘോഷയാത്ര ആരംഭിച്ചത്‌. പുലര്‍ച്ചെ മുതല്‍ ആനക്കൊട്ടിലില്‍ ദര്‍ശനത്തിനു വച്ച തങ്കഅങ്കി കാണാന്‍ നൂറു കണക്കിനു ഭക്‌തര്‍ ആറന്മുളയിലെത്തി. രഥത്തിനു വഴിനീളെ ഭക്‌തര്‍ കാണിക്ക അര്‍പ്പിച്ചും നിറപറയും നിലവിളക്കും ഒരുക്കിയും സ്വീകരണം നല്‍കി.
തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ 1973ല്‍ അയ്യപ്പനു സമര്‍പ്പിച്ച 420 പവന്‍ തൂക്കം വരുന്ന തങ്കഅങ്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലാണു സൂക്ഷിക്കുന്നത്‌.തങ്കഅങ്കി സന്നിധാനത്തിലേക്കു കൊണ്ടുപോയി തുടങ്ങിയ നാള്‍ മുതല്‍ രഥം ഒരുക്കുന്ന കോഴഞ്ചേരി കൊല്ലീരേത്ത്‌ തങ്കപ്പനാചാരി തന്നെയാണ്‌ഇക്കുറിയും രഥം തെളിയിക്കുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം