സൂര്യനെല്ലി കേസ്: പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

April 5, 2014 കേരളം

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം വീണ്ടും വാദം കേട്ട ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ച് പ്രധാന പ്രതി ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോട്ടയത്തെ പ്രത്യേക കോടതിയുടെ ഉത്തരവ് ശരിവച്ചു.

ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികളെ വിട്ടയച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനഃപരിശോധിച്ച ജസ്റ്റീസുമാരായ കെ.ടി. ശങ്കരന്‍, എം.എല്‍. ജോസഫ് ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസിലെ 36 പ്രതികളില്‍ 24 പേരുടെ ശിക്ഷ ശരിവച്ചു; ഏഴുപേരെ വിട്ടയച്ചു.

ധര്‍മരാജനു കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവച്ചു. കേസിലെ ഒന്നാം പ്രതി രാജു, രണ്ടാം പ്രതി ഉഷ എന്നിവര്‍ ഉള്‍പ്പെടെ എട്ടു പ്രതികളുടെ ശിക്ഷ പത്തു വര്‍ഷമായും, മറ്റു 15 പ്രതികളുടെ ശിക്ഷ ഏഴു വര്‍ഷമായും കുറച്ചിട്ടുണ്ട്. അഞ്ചു പ്രതികള്‍ വിധി പ്രഖ്യാപിക്കും മുമ്പു മരിച്ചു.

ഗൂഢാലോചന, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമ ത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണു ഡിവിഷന്‍ ബെഞ്ച് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒന്നാം പ്രതി രാജു, രണ്ടാം പ്രതി ഉഷ, മൂന്നാം പ്രതി പി.കെ. ജമാല്‍, ആറാം പ്രതി ഉണ്ണിക്കൃഷ്ണന്‍ നായര്‍, 11-ാം പ്രതി അജി, 13-ാം പ്രതി അലിയാര്‍, 15-ാം പ്രതി ദാവൂദ്, 27-ാം പ്രതി വര്‍ഗീസ് എന്നിവരുടെ ശിക്ഷ 13 വര്‍ഷത്തില്‍നിന്നു പത്തു വര്‍ഷമായി കുറച്ചു. ഇവരുടെ പിഴ 20,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറച്ചിട്ടുണ്ട്. രാജു, ഉഷ, പി.കെ. ജമാല്‍, ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കു മൂന്നു വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

അഞ്ചാം പ്രതി ചെറിയാന്‍, ഏഴാം പ്രതി ജോസ്, ഒന്‍പതാം പ്രതി രാജേന്ദ്രന്‍ നായര്‍, 10-ാം പ്രതി ജേക്കബ് സ്റ്റീഫന്‍, 12-ാം പ്രതി സതീശന്‍, 16-ാം പ്രതി തുളസീധരന്‍, 20-ാം പ്രതി ശ്രീകുമാര്‍, 21-ാം പ്രതി സണ്ണി ജോര്‍ജ്, 22-ാം പ്രതി ജിജി, 25-ാം പ്രതി സാബു, 30-ാം പ്രതി അഷറഫ്, 33-ാം പ്രതി ഷാജി, 34-ാം പ്രതി അനില്‍, 37-ാം പ്രതി തങ്കപ്പന്‍, 35-ാം പ്രതി ബാബു മാത്യു എന്നിവരുടെ ശിക്ഷ പത്തു വര്‍ഷത്തില്‍നിന്ന് ഏഴു വര്‍ഷമായും, പിഴത്തുക 15,000 രൂപയില്‍നിന്നു 10,000 രൂപയായും കുറച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം കൂടി തടവനുഭവിക്കണം.

കേസിലെ 17-ാം പ്രതി മോഹനന്‍, 18-ാം പ്രതി രാജഗോപാല്‍, 24-ാം പ്രതി ജോസഫ്, 28-ാം പ്രതി ജോര്‍ജ്, 31-ാം പ്രതി ആന്റണി, 38-ാം പ്രതി മേരി, 39-ാം പ്രതി വിലാസിനി എന്നിവരുടെ ശിക്ഷയാണു റദ്ദാക്കിയത്. കേസിലെ നാലാം പ്രതി റെജി, എട്ടാം പ്രതി ശ്രീകുമാര്‍, 14-ാം പ്രതി മുഹമ്മദ് യൗസേഫ്, 19-ാം പ്രതി മാത്യു ജോസഫ്, 29-ാം പ്രതി വിജയകുമാര്‍ എന്നിവര്‍ മരിച്ചു.

സംഭവസമയത്ത് 16 വയസും ആറു മാസവും പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിക്കുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ കുറ്റക്കാരെന്നു കണെ്ടത്തിയ പ്രതികളുടെ പങ്കു തെളിഞ്ഞിട്ടുണെ്ടന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചന വ്യക്തമാണ്. നിരാലംബയായ പെണ്‍കുട്ടിയെ കേസിലെ പ്രധാന പ്രതികളായ ധര്‍മരാജനും രാജുവും ഉഷയും ചേര്‍ന്നു കെണിയില്‍പ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണു നടന്നതെന്ന മുന്‍ ഡിവിഷന്‍ ബെഞ്ചിന്റെ കണെ്ടത്തല്‍ ശരിയല്ലെന്ന് ഉത്തരവില്‍ പറയുന്നു.

ധര്‍മരാജന്റെ കൈയില്‍ അകപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍തന്നെ അപകടത്തിലായിരുന്നുവെന്ന് ഇവരുടെ മൊഴിയില്‍നിന്നു വ്യക്തമാണ്. സ്വതന്ത്രമായി ചിന്തിക്കാനാവാതെ പലരുടെയും മുമ്പിലേക്കു പെണ്‍കുട്ടി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. 41 ദിവസത്തോളം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെ ഹോട്ടലുകളില്‍ ധര്‍മരാജന്‍ പെണ്‍കുട്ടിയെ പലര്‍ക്കുമായി കാഴ്ചവച്ചുവെന്നതിനു തെളിവുണ്ട്.

ഈ സാഹചര്യത്തില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണെ്ടന്ന വാദത്തില്‍ കുറ്റം ലഘൂകരിക്കാനാവില്ല. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസനീയമാണെന്നു കരുതുന്നതിനു തെളിവില്ല. ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ അകപ്പെട്ടുപോയ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയില്ലെന്ന വാദത്തിലും കഴമ്പില്ല.

അന്വേഷണം നീതിപൂര്‍വ മല്ലെന്നും തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും ആരോപിച്ചു സംശയത്തിന്റെ ആനുകൂല്യം നേടാന്‍ ശ്രമിക്കുമ്പോഴും വസ്തുതകളുടെ പിന്‍ബലം ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിയുന്നില്ലെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേസിന്റെ തുടക്കം 1996 ജനുവരി 16നായിരുന്നു. ബസ് കണ്ടക്ടറായിരുന്ന ഒന്നാം പ്രതി രാജുവിനെ വിശ്വസിച്ച് ഇടുക്കി സൂര്യനെല്ലിയിലെ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചശേഷം അയാള്‍ അഭിഭാഷകനായ ധര്‍മരാജനും ഉഷയ്ക്കും കൈമാറുകയായിരുന്നു. പിന്നീട് 40 ദിവസത്തിനിടെ പെണ്‍കുട്ടിയെ പല ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും കൊണ്ടുനടന്നു പലര്‍ക്കും കൈമാറി. 37 ആളുകള്‍ 67 തവണ പീഡിപ്പിച്ചതായാണു കേസ്. രോഗബാധിതയായതിനെത്തുടര്‍ന്നു ഫെബ്രുവരി 26ന് വീട്ടിലേക്കു പറഞ്ഞയച്ചു. സംഭവം സംബന്ധിച്ചു പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പോലീസ് അന്വേഷണം നടത്തി. സംഭവം വിവാദമായതോടെ സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതികളെ കണെ്ടത്തുകയായിരുന്നു. കോട്ടയത്തെ പ്രത്യേക കോടതി 36 പ്രതികള്‍ കുറ്റക്കാരാണെന്നു കണെ്ടത്തി; നാലു പേരെ വിട്ടയച്ചു. എന്നാല്‍, അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്കു കൈമാറുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം